Saturday, May 12, 2007

സ്നേഹേഷു മാതാ

“ഹലോ അമ്മേ ഞാനിന്ന് ബോളിയുണ്ടാക്കി!”

അങ്ങേത്തലയ്ക്കല്‍ നിന്നും അമ്മയുടെ മറുപടി ഉടനെയുണ്ടായി: “നീ ഇങ്ങനെ ഓരോ മധുരപലഹാരവുമുണ്ടാക്കി നടന്നോ, മനുഷ്യനിവിടെ ഷുഗറിന്‍റെ മരുന്നു കഴിച്ചു തുടങ്ങി. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.”

എന്‍റെ അമ്മ എന്നും ഇങ്ങനെ ആയിരുന്നു. അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, മടിയിലിരുത്തി കൊഞ്ചിക്കുക, മോളേ മക്കളേ എന്നിങ്ങനെ വിളിക്കുക, ഇതൊന്നും അമ്മയ്ക്കു പറ്റിയ കാര്യങ്ങളായിരുന്നില്ല.

അമ്മയുടെ ചില നേരത്തുള്ള ആക്ഷേപഹാസ്യം മരുമക്കള്‍ക്കെന്നല്ല, മക്കള്‍ക്കുപോലും ദഹിക്കില്ല. ഒരു അമ്മായിയമ്മ ഇല്ലാതെ ജീവിച്ചതിന്‍റെ എല്ലാ പോരായ്മകളും അമ്മയ്ക്കുണ്ട്. നാത്തൂന്മാരെല്ലാം നേരത്തേ കെട്ടിപ്പോയതുകൊണ്ട് അച്ഛന്‍റെ വീട്ടില്‍ അമ്മയ്ക്ക് നാത്തൂന്‍പോരും നേരിടേണ്ടി വന്നിട്ടില്ല. നാത്തൂന്മാരെ കുറ്റം പറയാന്‍ പറ്റില്ല, പ്രസവമൊഴിഞ്ഞിട്ട് അവര്‍ക്ക് അമ്മയോട് അടി വയ്ക്കാന്‍ സമയം കിട്ടിയില്ല എന്നു പറയുന്നതാവും ശരി.

അപ്പൂപ്പനുമമ്മൂമ്മയ്ക്കും വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം, പ്രായമേറെയായപ്പോള്‍, ഉണ്ടായ സന്താനമായിരുന്നു എന്‍റെ അമ്മ. അമ്മയുടെ ബാല്യത്തില്‍ത്തന്നെ അമ്മൂമ്മ കിടപ്പിലാവുകയും അധികം താമസിയാതെ മരിക്കുകയും അമ്മയുടെ സ്കൂള്‍ ജീവിതം അവസാനിക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിലേ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാലാവാം അമ്മയ്ക്ക് കൊഞ്ചലുകളിലൊന്നും വിശ്വാസമില്ലാത്തത്. അപ്പൂപ്പനാവട്ടെ, ഒരുപാട് സ്വത്തുക്കളുണ്ടായിരുന്ന ഒരു അറുപിശുക്കനായിരുന്നു.

അപ്പൂപ്പന്‍റെ പിശുക്കു കഥകള്‍ അച്ഛന്‍ പറയുമ്പോള്‍ അമ്മ ചിലപ്പോള്‍ ചിരിക്കുകയും ചിലപ്പോള്‍ വയലന്‍റ് ആവുകയും ചെയ്യും. എന്നിട്ട് ഒപ്പമൊരു ഡയലോഗും കാച്ചും: “എന്‍റെ അച്ഛന്‍ അന്ന് പിശുക്കിയതുകൊണ്ടാ നമ്മളിപ്പോള്‍ ഇങ്ങനെ ജീവിക്കുന്നത്.”

കാര്യം സത്യമായതുകൊണ്ട് അച്ഛനും ഞങ്ങള്‍ മക്കളും അവാര്‍ഡ് പടം കണ്ടതുപോലെ ഇരിക്കും.

ഗവണ്മന്‍റ് പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും, പി. എസ്. സി. ടെസ്റ്റുകള്‍ക്കും മറ്റും പട്ടണത്തില്‍ വരുന്ന ബന്ധുക്കളും സ്വന്തക്കാരുമായി വീട്ടില്‍ എപ്പോഴും ആരെങ്കിലുമൊക്കെയുണ്ടാവും. ഇവര്‍ക്കൊക്കെ സമയാസമയം ആഹാരമുണ്ടാക്കി, അനുഗ്രഹിച്ചയയ്ക്കുകയാണ് അമ്മയുടെ പണികളിലൊന്ന്. രാവിലെ എഴുനേല്‍ക്കുന്നതു മുതല്‍ അമ്മ അടുക്കളയിലായിരിക്കും. സ്കൂളില്‍ നിന്നും വരുമ്പോഴും അമ്മ അടുക്കളയിലായിരിക്കും. രാത്രി ഉറങ്ങാന്‍ പോകുമ്പോഴും അമ്മ അതടുക്കി ഇതടുക്കി അടുക്കളയില്‍ത്തന്നെ. എന്തിനാ ഇങ്ങനെ അടുക്കളയില്‍ കഴിയുന്നതെന്നു ചോദിച്ചാല്‍ ‘ഇങ്ങനെ ദേഹമനങ്ങി നടക്കുന്നതുകൊണ്ടാ ഈ പ്രായത്തിലും എഴുന്നേറ്റു നടക്കുന്നത്’ എന്നു പറയും. ഇനി സഹായിക്കാനെങ്ങാനും പോയാലോ ‘അതു ശരിയായില്ല, ഇതു ശരിയായില്ല’ എന്നു പറയുമ്പോള്‍ നമുക്കു ചൊറിഞ്ഞു വരികയും ചെയ്യും.

അടുക്കളയിലുള്ള ജോലിയൊതുക്കി, മംഗളമോ, മനോരാജ്യമോ, മനോരമയോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ എന്‍റെ പൂമ്പാറ്റയോ ബാലരമയോ എടുത്ത്, ചേട്ടന്മാര്‍ പഠിക്കുന്നുണ്ടോ എന്നു നോക്കി അവരുടെ അടുത്തുത്തേയ്ക്ക് പോകും. അപ്പോഴേയ്ക്കും അവര്‍ ശബ്ദമില്ലാതെ ഓണ്‍ ചെയ്തു വച്ചിരുന്ന ടി. വി. ഓഫ് ചെയ്ത് ബുക്കും പിടിച്ച് ഇരിക്കുന്നുണ്ടാവും.

അടുക്കളയില്‍ അമ്മയ്ക്ക് ഒരു അസിസ്റ്റന്‍റുണ്ട്. വര്‍ഷങ്ങളായി അമ്മയുടെ ‘അടുക്കളക്കാരി’യായ അവര്‍ക്ക് അമ്മയെക്കൊണ്ട് ജോലിയെടുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്. അവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള ഭക്ഷണമുണ്ടാക്കുന്നത് അമ്മയാണ്. രണ്ടു പേരേയും പിണക്കാതിരിക്കാന്‍ രണ്ടു മീങ്കാരികളില്‍ നിന്നും വാങ്ങി കറിവച്ച് നല്ലൊരു പങ്ക് അസിസ്റ്റന്‍റിന് കൊടുത്തു വിടും. ചുരുക്കിപ്പറഞ്ഞാല്‍ അടുക്കളക്കാരിയുടെ കുടിയന്‍ ഭര്‍ത്താവിന് തൊട്ടുകൂട്ടാന്‍ ദിവസവും മീങ്കറിയുണ്ടാവും.

പ്രോഗ്രസ് കാര്‍ഡ് കിട്ടുന്ന ദിവസം ഞാന്‍ അമ്മയുടെ അടുത്തു തന്നെ ഇരിക്കും. ഇത്തവണത്തേയ്ക്ക് ക്ഷമിക്കണമെന്നും, അടുത്ത തവണ മാര്‍ക്കുകള്‍ മറ്റാര്‍ക്കും കൊടുക്കാതെ ഞാന്‍ തന്നെ എല്ലാം പെറുക്കിക്കെട്ടി കൊണ്ടുവരാം എന്നുമൊക്കെ പറഞ്ഞ് അമ്മ വഴി അച്ഛനെ സോപ്പിടാന്‍ നോക്കും. സൈന്‍ ചെയ്യുന്നതും അച്ഛന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് എടുത്ത് എറിയുന്നതും ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞ് പൊട്ടിത്തെറിക്കുന്നതും എല്ലാം വളരെ പെട്ടെന്നാണ്. ദേഷ്യം വന്നാല്‍ അച്ഛന്‍ ഇംഗ്ലീഷിലേ കടുകു വറുക്കൂ. ഇംഗ്ലീഷാണെങ്കിലും വലിയ പ്രശ്നമുള്ള വാക്കുകളൊന്നുമല്ല. ജോസ് പ്രകാശിന്‍റെയും എം. എന്‍. നമ്പ്യാരുടെയും സിനിമ കണ്ടു വളര്‍ന്നതിനാലാവാം, നിരുപദ്രവമായ വാക്കുകള്‍. ഇപ്പോള്‍ ആ വാക്കുകള്‍ ചീത്ത വാക്കുകളായി വിക്കിപ്പീഡിയ പോലും കരുതുന്നുണ്ടാവില്ല.

അമ്മയേയും അച്ഛനേയും അറിയാനും മനസ്സിലാക്കാനും ശ്രമിച്ചു തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. പണ്ട് ദേഷ്യം വരുമ്പോള്‍ അമ്മ പറയുമായിരുന്നു: “നിനക്ക് ഇപ്പോള്‍ ഞാന്‍ പറയുന്നത് മനസ്സിലാവില്ല. നിനക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ നീയത് മനസ്സിലാക്കും.”

‘ഇത് എല്ലാ അമ്മമാരും പറയുന്നതല്ലേ, ഏതായാലും അമ്മയേക്കാള്‍ നല്ല അമ്മയാവാന്‍ ഞാന്‍ ശ്രമിക്കും’ എന്നു ഞാന്‍ മനസ്സില്‍ കരുതും. (നേരിട്ട് പറഞ്ഞില്ല; തര്‍ക്കുത്തരം പറയാന്‍ പഠിച്ചത് കല്യാണശേഷമാണല്ലോ.) ഇപ്പോഴാലോചിക്കുമ്പോള്‍ അമ്മ എന്നോട് കാണിച്ച ക്ഷമയും മറ്റും എനിക്ക് എന്‍റെ കുഞ്ഞിനോട് കാണിക്കാനാവുന്നുണ്ടോ എന്നു സംശയം.

സ്വന്തം അമ്മയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെ വേണ്ട പോലെ കൊഞ്ചിച്ചില്ല എന്നതാണ് ആ അമ്മയുടെ ഏക തെറ്റ്. ആ അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സാധു സ്ത്രീ. സ്വന്തം മകളുടെ മുമ്പില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും ഭയക്കുന്ന അമ്മ. തനിക്കുണ്ടായ ഏക സന്താനത്തിന് ഭര്‍ത്താവിന്‍റെ മുന്‍‍കാമുകിയുടെ പേരിട്ട് വിളിക്കേണ്ടി വന്ന സ്ത്രീ. സ്വന്തം കുട്ടിയെ ഓരോ പ്രാവശ്യം പേരെടുത്തുവിളിക്കുമ്പോഴും, ഭര്‍തൃകാമുകിയെ ഓര്‍ക്കേണ്ടി വരുന്നത് എത്ര വേദനാജനകമായിരിക്കും. എന്നാല്‍ ആ സങ്കടമൊന്നും തന്നോട് അമ്മ കാട്ടിയതായി കൂട്ടുകാരിക്ക് പരാതിയില്ല. അമ്മയോട് മതിപ്പോ സ്നേഹമോ കാട്ടാറില്ലെങ്കിലും സ്വന്തം പ്രസവ ശുശ്രൂഷയ്ക്ക് അവര്‍ തന്നെയായിരുന്നു ആശ്രയം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അച്ഛനോ അമ്മയോ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നാത്തവര്‍ ചുരുക്കം. എന്നാലും അമ്മയോടു പൊറുക്കാത്തവര്‍ ഇതുപോലെ അധികമുണ്ടാവില്ല.

(കൂട്ടുകാരി ആണ് ഈ കുറിപ്പ് എഴുതിയത് എങ്കില്‍ അവള്‍ ‘തള്ളേ കലിപ്പുകള് തീരണില്ലല്ല്’ എന്ന തലവാചകം കൊടുക്കുമായിരുന്നേനെ.)

അമ്മ പല പ്രതിസന്ധികളിലും കാണിച്ച ആത്മധൈര്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കൊച്ചേട്ടന്‍ പറയും, അമ്മ ആദ്യമായി കരഞ്ഞുകണ്ടത് ഞാന്‍ കല്യാണം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേയ്ക്ക് പോയപ്പോഴാണെന്ന്. അപ്രതീക്ഷിതമായി അച്ഛന് രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നപ്പോള്‍, മുതിര്‍ന്നവരായ മക്കള്‍ക്ക് ധൈര്യം പകര്‍ന്നത് അമ്മയാണ്. മറ്റൊരവസരത്തില്‍, ചെറിയൊരു സര്‍ജറിയ്ക്കായി അമ്മ ആശുപത്രിയിലായപ്പോഴാകട്ടെ, മക്കള്‍ അച്ഛനെ ആശ്വസിപ്പിക്കുമോ അതോ അച്ഛന്‍ മക്കളെ ആശ്വസിപ്പിക്കുമോ എന്ന അവസ്ഥയിലായിത്തീര്‍ന്നിരുന്നു, ഞങ്ങള്‍.

അച്ഛനും അമ്മയും തമ്മില്‍ ഗാഢമായ ഒരാത്മ ബന്ധമുണ്ട്. അച്ഛന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും കാശടിച്ചുമാറ്റുന്ന അമ്മയെ എനിക്കിഷ്ടമാണ്. അതിന്‍റെ പേരില്‍ രണ്ടുപേരും വഴക്കുകൂടുന്നത് അതിലേറെയിഷ്ടം. അച്ഛന്‍റെ മുന്‍‍കോപം അറിഞ്ഞു പെരുമാറാന്‍ അമ്മയ്ക്ക് നന്നായറിയാം.

അച്ഛനുമ്മയും ആഗ്രഹിച്ചതുപോലെ എഞ്ചിനീയറാവാനോ പി. എഛ്. ഡി. എടുക്കാനോ ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കുമായില്ലെങ്കിലും അവര്‍ക്കു വിഷമമുണ്ടാക്കാത്ത വിധത്തില്‍ നല്ല നിലയില്‍ ജീവിക്കാന്‍ നമുക്കു കഴിയുന്നുണ്ട്. പഠിക്കുന്ന കാലത്ത്, അവര്‍ ആഗ്രഹിച്ചതുപോലെ പഠിച്ചില്ല എന്നല്ലാതെ, മറ്റൊരു തരത്തിലും ഞങ്ങളെക്കൊണ്ട് അച്ഛനുമമ്മയും വിഷമിച്ചിട്ടില്ല. ഇനി വിഷമിച്ചിട്ടുണ്ടോ? ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. അറിഞ്ഞോ അറിയാതെയോ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ എപ്പൊഴേ ക്ഷമിച്ചു കാണും. സ്നേഹം പ്രകടിപ്പിക്കാനും അവര്‍ മിടുക്കരായിരിക്കുന്നു: ഞങ്ങള്‍ക്കു പിശുക്കിയ അവരുടെ കൊഞ്ചലുകളും സമ്മാനപ്പൊതികളും അവരുടെ കൊച്ചുമക്കള്‍ ആവോളം ആസ്വദിക്കുന്നുണ്ട്.

അവരെയോര്‍ക്കാന്‍ നമുക്കൊരു മദേഴ്സ് ഡേയോ ഫാദേഴ്സ് ഡേയോ ആവശ്യമുണ്ടോ? എന്നാലും കിടക്കട്ടെ ഒരു മദേഴ്സ് ഡേ പോസ്റ്റ്. മക്കളും മരുമക്കളും ചെറുമക്കളോടുമൊത്ത് ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും കൂടി അച്ഛനും അമ്മയും ഉണ്ടാവണമെന്ന് മാത്രമേ പ്രാര്‍ത്ഥനയുള്ളൂ.

Sunday, March 04, 2007

Yahoo, you are already due!

Yahoo India plagiarized contents from a couple of blogs when they launched their Malayalam portal and to my continued disbelief Yahoo hasn't accepted responsibility for the blatant stealing. While protesting against this and joining hundreds of bloggers in this march against such copyright violation, may I ask how Yahoo would feel if I copied content from one of their pages such as this.

അല്ല, ഇതിനൊക്കെ ആരു സമാധാനം പറയുമെന്നാ? എന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. (യാഹൂ, മുകളിലെ ചോദ്യത്തിനുള്ള മറുപടി ഒരു കമന്‍റായി ഇട്ടാല്‍ മതി, കേട്ടോ.)

(It is rather accurately accused that I have managed to include pregnancy in some form in all the three of my posts so far.)