“എടീ, എന്റെ കുഞ്ഞെങ്ങാനും അമ്മായിയമ്മയെപ്പോലാവുമോ?” ഗര്‍ഭിണിയായ കൂട്ടുകാരി പലപ്പോഴും ആവലാതിപ്പെട്ടു.
അമ്മായിയമ്മയ്ക്കു എണ്ണക്കറുപ്പാണ്. ഭര്‍ത്താവ് കറുപ്പിന്റെ ഇളം ഷേഡുള്ളവനും. കൂട്ടുകാരിയാവട്ടെ, നല്ല വെളുപ്പും. പോരേ പൂരം?
“കറുപ്പും വെളുപ്പുമാണോ കാര്യം? നല്ല ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്ക്,” ഞാന്‍ പറയും. അവള് ഒന്ന് മൂളുകമാത്രം ചെയ്യും.
പിന്നെയാണ് ആലോചിച്ചത്. ഒന്നു വെളുത്തുകിട്ടാന്‍ വേണ്ടി ഞാന്‍ തന്നെ കാണിച്ചു കൂട്ടിയ പരാക്രമങ്ങള്‍. അതൊക്കെയാലോചിക്കുമ്പോള്‍, മകള്‍ വെളുത്തിരിക്കാന്‍ കൂട്ടുകാരി എവിടെയൊക്കെ നേര്‍ച്ച നേര്‍ന്നിട്ടുണ്ടാവും!
കറുപ്പോ, വെളുപ്പോ? ഈ ചോദ്യം ഞാന്‍ കുട്ടിക്കാലം മുതല്ക്കേ കേള്‍ക്കുന്ന ഒന്നാണ്. അച്ഛന്റേയും അമ്മയുടേയും കൂടെ വല്ല കല്യാണത്തിനും പോയി തിരിച്ചു വരുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് പെണ്ണിനും ചെറുക്കനും നല്ല നിറമുണ്ടോ എന്നാണ്. എങ്ങാനും പെണ്ണോ ചെറുക്കനോ കറുത്തിട്ടാണെന്നാണ് ഉത്തരമെങ്കില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ലുക്കാണ്. ഇതേ ചോദ്യം ഒരു നവജാത ശിശുവിനെ കണ്ടു വരുമ്പോഴും ഉണ്ടാവും. അങ്ങനെ കറുപ്പ് ഒരു നിറമല്ലേ എന്ന് വരെ എനിക്ക് സംശയമായിത്തുടങ്ങി. കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നു. അതുകൊണ്ട് കറുത്ത തുണികള്‍ക്ക് മാത്രമാണ് മെച്ചം.
കറുപ്പ് നിറം എനിക്കിഷ്ടമാണ്. പക്ഷേ കുട്ടിക്കാലത്ത് ഇരുനിറമായിരുന്ന (ഇപ്പോഴും അങ്ങനെ തന്നെ!) എന്നെ, എന്റെ ഏട്ടന്മാരും കസിന്സും ഞാന്‍ കരിക്കട്ട പോലെ കറുത്തതാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ കറുത്തതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് ഹാലിളകുമായിരുന്നു. എന്നെ കളിയാക്കുന്ന ഈ ‘ശത്രുക്കളില്‍’ പലരും എന്നേക്കാള്‍ നിറം കുറഞ്ഞവരാണെന്ന ബോധം അന്നെനിക്കില്ലായിരുന്നു.
മുക്കുവന് തവിട് കൊടുത്താണ് എന്നെ കിട്ടിയതെന്നും, അതല്ല, ദത്തെടുത്തതാണെന്നും മറ്റും അവരെന്നെ പലപ്പോഴായി പറഞ്ഞ് വിശ്വസിപ്പിച്ചു. മാത്രമല്ല, ധന്യ എന്ന് പേരുള്ള വെളുത്ത സുന്ദരിയായ മകള്‍ എന്റെ അച്ഛനുമമ്മയ്ക്കും ഉണ്ടെന്നും അവള് ബോഡിംഗിലാണെന്നും അവര്‍ പറയുന്നതുകേട്ട് വല്ലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്ന എന്റെ മാമിയേയും അവരുടെ മകള്‍ ധന്യയേയും ഞാന്‍ സംശയത്തോടെ കണ്ടു. എന്റെ അച്ഛനുമമ്മയും അവളോട് പ്രത്യേകം സ്നേഹം കാണിക്കുന്നുണ്ടോ, അവള്‍ക്ക് കളിപ്പാട്ടങ്ങളും ഉടുപ്പും വാങ്ങിക്കൊടുക്കുന്നത് അവള് അവരുടെ സ്വന്തം മകള്‍ ആയതുകൊണ്ടാണോ എന്നൊക്കെ ഞാന്‍ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ സംശയിച്ചു. ഈ ലോകത്തിലെ ഏറ്റവും വലിയ സങ്കടക്കാരി എട്ട് വയസ്സായ ഞാനാണെന്ന് ഞാന്‍ ഉറപ്പിച്ചു. എന്റെ അച്ഛന്റേയും അമ്മയുടേയും മകളായ ധന്യയെ അവര്‍ക്കുവേണ്ടി വളര്‍ത്തുന്ന മാമിയേയും മാമനേയും ഇഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, വരുമ്പോഴൊക്കെ ഫ്രൂട്സും പുതിയതരം മുട്ടായികളും വാങ്ങിച്ചു തരുന്ന അവരെ അത്ര വേഗം വെറുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുട്ടായികളുടെ രുചിയിറങ്ങുമ്പോള്‍, ‘ഇനി മുതല്‍ അവരോട് കൂടില്ല’ എന്ന പ്രതിജ്ഞ ഞാന്‍ പുതുക്കിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്റെ ശത്രുക്കള്‍, വെളുക്കാന്‍ പറ്റിയ ഒരു സാധനം ഉണ്ട് എന്ന് പറയുന്നതു കേട്ടു. അതിന്റെ പേര് കുങ്കുമപ്പൂ എന്നാണ്. പക്ഷേ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചം വിദേശത്തു നിന്നും വരുന്നതാണ്. മാത്രമല്ല, എന്റെ മറ്റൊരു വീക്ക്നസായ നുണക്കുഴി കിട്ടാന്‍ താമരയുടെ തണ്ട് കൊണ്ട് കുത്തിയാല്‍ മതിയെന്നും ഞാന്‍ അവരില്‍ നിന്നും മനസ്സിലാക്കി. താമരത്തണ്ട് കിട്ടാന്‍ പ്രയാസമാണെങ്കില്‍ സാമ്പ്രാണിത്തിരി കത്തിച്ച് കവിളില്‍ വച്ചാലും മതി എന്ന അവരുടെ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ചു. ശത്രുക്കളാണെങ്കിലും നമുക്ക് ഉപയോഗപ്രദമായ കാര്യം പറയുമ്പോള്‍ ശ്രദ്ധിക്കണം എന്ന വലിയ തത്വം ഞാന്‍ അന്നും ഇന്നത്തെപ്പോലെ മാനിച്ചു.
ആദ്യം വെളുക്കണോ അതോ നുണക്കുഴിയുണ്ടാക്കണോ എന്നായി സ്കൂളു കഴിഞ്ഞുവന്നാല്‍ എന്റെ ചിന്ത. നുണക്കുഴി നാലാളു കാണണമെങ്കില്‍ മുഖം ആദ്യം വെളുക്കണം എന്ന സാമാന്യ ബുദ്ധി എനിക്കുണ്ടായി. വിളക്കു കത്തിക്കുമ്പോള്‍ പലപ്പോഴായി കിട്ടിയ പൊള്ളലില്‍ നിന്ന് അനുഭവം കൊണ്ട് സാമ്പ്രാണിത്തിരി പ്രയോഗം ഞാന്‍ വേണ്ടെന്നുവച്ചു. ഓണാവധിയ്ക്ക് തറവാട്ടു കുളത്തിലെ താമരയേയും താമര കിട്ടിയില്ലെങ്കില്‍ ആമ്പലിനേയും സ്വപ്നം കണ്ട് ഞാന്‍ നടന്നു. പക്ഷേ അതിനു മുമ്പ് കുങ്കുമപ്പൂവ് സംഘടിപ്പിക്കുവാന്‍ എന്താ വഴി?
കിട്ടിപ്പോയ്. നല്ല കുങ്കുമപ്പൂവ് കിട്ടാന്‍ ഒരു വഴിയാണ് ചന്ദ്രന് ചേട്ടന്. നമ്മുടെ വലിയ കുടുംബത്തില്‍ നിന്നും വിദേശത്തു പോയി പണിയെടുക്കുന്ന ഒരേ ഒരു വ്യക്തി. അദ്ദേഹത്തിന്റെ അരുമയ്ക്കെരുമയ്ക്കെരുമായ ഒരേ ഒരു അമ്മാവനായ എന്റെ അച്ഛന് അദ്ദേഹത്തിന്റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് സ്വയം അഭിമാനം കൊള്ളുന്നു. അപ്പോള്‍ അങ്ങനെയുള്ള അമ്മാവന്റെ മകള്‍ പറഞ്ഞാല്‍ ചന്ദ്രന് ചേട്ടന് തീര്‍ച്ചയായും കേള്‍ക്കും. പക്ഷേ, എങ്ങനെ അറിയിക്കും? ചന്ദ്രന് ചേട്ടന് രണ്ടുമൂന്നു മാസത്തിലൊരിക്കല്‍ ഒരു കത്ത് എന്റെ വീട്ടിലേയ്ക്കയയ്ക്കും. അതിനു തിരിച്ച് ആരും അധികമെഴുതി കണ്ടിട്ടില്ല. എനിക്കിവിടെ ഒരുവിധം സുഖം തന്നെ എന്ന പുള്ളിയുടെ സ്ഥിരം ഡയലോഗ് അടങ്ങിയ കത്ത് വളരെ പ്രശസ്തമായിരുന്നു.
അങ്ങനെയിരിക്കെ ചന്ദ്രന് ചേട്ടന് കല്യാണമുറപ്പിച്ചു. പെണ്ണിന് നിറം കുറവാണെന്ന് പെണ്ണുങ്ങള് അടുക്കളയില്‍ അടക്കം പറഞ്ഞു. നിറം കുറഞ്ഞാലെന്താ, നല്ല ജോലിയില്ലേ എന്ന അമ്മയുടെ മറു ചോദ്യവും കേട്ടു. എന്റെയീശ്വരാ, പുതുപ്പെണ്ണിനും നിറം കുറവോ, അപ്പോള്‍ ചേട്ടന്റെ കല്യാണത്തിനു മുമ്പ് എനിക്കുള്ള കുങ്കുമപ്പൂവ് ഒപ്പിക്കണമെന്ന് ഞാനുറപ്പിച്ചു. അല്ലെങ്കില്‍ എനിക്കുള്ള കുങ്കുമപ്പൂവ് പുതുപ്പെണ്ണ് അടിച്ചുകൊണ്ടുപോയാലോ എന്ന് ഞാന്‍ ഭയന്നു. അധികം വൈകാതെ ഞാന്‍ ചന്ദ്രന് ചേട്ടന് കത്തെഴുതാന്‍ തീരുമാനിച്ചു. അതുവരെ കത്തുകളോടുള്ള എന്റെ ഒരേ ഒരു താല്പര്യം കവറിന്റെ പുറത്തെ സ്റ്റാമ്പിനോട് മാത്രമായിരുന്നു. ചേട്ടന്റെ സ്റ്റാമ്പ് കളക്ഷനേക്കാള്‍ മെച്ചം എന്റേതാണെന്ന് വരുത്താന്‍ വീട്ടില്‍ വരുന്ന എല്ലാവരോടും ഒരു നാണവുമില്ലാതെ ഞാന്‍ സ്റ്റാമ്പിനു വേണ്ടി യാചിച്ചു.
അപ്പോള്‍ പറഞ്ഞു വന്നത് എന്റെ ആദ്യത്തെ കത്തെഴുത്തിനെക്കുറിച്ചാണ്. എന്തായാലും ചന്ദ്രന് ചേട്ടനു വേണ്ടി പെണ്ണുകാണുകയും അതുറപ്പിക്കുകയും ചെയ്ത എന്റെ അച്ഛനുമമ്മയും ചന്ദ്രന് ചേട്ടനു കത്തെഴുതാന്‍ പോകുന്നു എന്ന വിവരം എന്റെ റഡാറില്‍ കിട്ടി. എനിക്കും ചന്ദ്രന് ചേട്ടന് കത്തെഴുതാനുണ്ടെന്ന കാര്യം ഞാന്‍ അമ്മയെ അറിയിച്ചു. ഒരു ചെറിയ പേപ്പറില്‍ എഴുതിക്കൊള്ളാന്‍ അമ്മ അനുവാദം തന്നു. തവിടുകൊടുത്തു വാങ്ങിയ മോളോട് അമ്മ കാണിച്ച ഔദാര്യമായി ഞാനാ ഉപകാരത്തെ കണ്ടു. മണിക്കൂറുകളെടുത്ത് ഒരു കത്തെഴുതി അയയ്ക്കാനായി അമ്മയുടെ കയ്യില്‍ കൊടുത്തു.
ഒരു ആഴ്ച കഴിഞ്ഞ് ഓണാവധിക്ക് തറവാട്ടില്‍ പോയപ്പോള്‍ ഞാന്‍ നേരേ കുളക്കരയിലേയ്ക്കോടി. വൈദ്യന് കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് എന്റെ കൂട്ടുകാരി ശ്രീദേവിയും അവളുടെ അമ്മയും കുളക്കടവില്‍ നില്ക്കുന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍, താമര തണ്ടോടുകൂടി പൊട്ടിച്ചു തരാമോ എന്ന് ഞാന്‍ ചോദിച്ചു. നഗരത്തില്‍ നിന്ന് വല്ലപ്പോഴും വരുന്ന വി.ഐ.പി ആയതുകൊണ്ട് ശ്രീദേവിയുടെ അമ്മ, താമര കൊച്ച് നല്ലവണ്ണം കണ്ടോട്ടേ എന്ന് കരുതി ഒരു നാലഞ്ചെണ്ണം പറിച്ചു തന്നു.
എവിടെ തിരിഞ്ഞാലും ജനലുകളും കതകുകളുമുള്ള തറവാട്ടില്‍ എന്റെ നുണക്കുഴിയുണ്ടാക്കല്‍ വിക്രിയ നടക്കുകയില്ലെന്ന് കരുതി, വയ്ക്കോല്‍ക്കൂനയുടെ പിന്നിലിരുന്ന് മുഖം മിനുക്കാന്‍ തീരുമാനിച്ചു. ആരുമറിയാതെ കുമാരിച്ചേച്ചിയുടെ ഒരുക്കുപെട്ടിയില്‍ നിന്ന് വാല്‍ക്കണ്ണാടി സ്വന്തമാക്കി. പിന്നെ താമസിച്ചില്ല. ഉള്ളതില്‍ ഭംഗിയുണ്ടെന്നു തോന്നിയ താമരയുടെ തണ്ടെടുത്ത് നുണക്കുഴിയുള്ള ബിന്ദുച്ചേച്ചിയെ മനസ്സില്‍ വിചാരിച്ച് കവിളില്‍ ഒറ്റ കുത്തായിരുന്നു. ഒന്നും സംഭവിച്ചില്ല. തണ്ടുകൊണ്ട് പലയാവൃത്തി ഉരച്ച് എന്റെ കവിള്‍ത്തടം ഞാന്‍ കുളം തോണ്ടി. എന്റെ ശത്രുക്കളെ പ്രാകിക്കൊണ്ട് ഈ കവിള്‍ത്തടം അമ്മയും മറ്റുള്ളവരും കാണാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ അത് ചീറ്റിപ്പോയി. ഞാന്‍ നുണപറഞ്ഞാല്‍ അപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ മനസ്സിലാക്കും എന്നത് അത്ര ചെറുപ്പത്തിലേ ഞാന്‍ മനസ്സിലാക്കിയതു കാരണം ഉള്ളതുമുഴുവന്‍ അമ്മയോട് ആരോടും പറയരുതെന്ന് ചട്ടം കെട്ടി വിശദീകരിച്ചു. രണ്ടാണ്മക്കള്‍ക്കുശേഷമുണ്ടായ പെണ്ണ് മന്ദബുദ്ധിയായിപ്പോയോ എന്ന് അമ്മ ആദ്യമായി ചിന്തിച്ചുകാണും. പിന്നെ മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ ഒരവസരവും അമ്മയ്ക്ക് ഇതുവരെ കൊടുത്തിട്ടുമില്ല. എന്നെക്കുറിച്ച്, അമ്മയായാല്‍ പോലും പലപ്പോഴും പലരീതിയില്‍ ചിന്തിക്കുന്നത് എനിക്കിഷ്ടമല്ല. കണ്‍സിസ്റ്റന്‍സി: അതില്‍ വിശ്വസിക്കേണ്ടേ നമ്മള്?
തിരുവോണ നാളില്‍ ഊണുകഴിഞ്ഞ് ഇരിക്കുമ്പോള്‍ എന്റെ ശത്രുക്കള്‍ ഏതോ ചോട്ടനെക്കുറിച്ചും കുത്തിനെക്കുറിച്ചും പറയാന്‍ തുടങ്ങി. ഞാന്‍ അടുത്തെത്തുമ്പോള്‍ ചോട്ടന്റെ കുത്തുകിട്ടിയെന്ന് ഇമ്പൊസിഷന് പോലെ അവര്‍ പാടിക്കൊണ്ടിരുന്നു. ഇവരുടെ പാണപ്പാട്ട് കേള്‍ക്കുന്നതിനേക്കാള്‍ ഭേദം അമ്മയുടേയും കുഞ്ഞമ്മമാരുടേയും അമ്മായിമാരുടേയും പരദൂഷണം കേള്‍ക്കുന്നതാണെന്ന് കരുതി അടുക്കളയിലെ അരിപ്പെട്ടിയുടെ മുകളില്‍ സ്ഥാനം പിടിച്ചു. എന്നെക്കണ്ടതും അവര്‍ ചാനല്‍ മാറ്റി അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ചും ഭര്‍ത്താവിന്റേയും കുട്ടികളുടേയും ആരോഗ്യത്തെക്കുറിച്ചും മത്സരിച്ച് ഉല്‍ക്കണ്ഠപ്പെടുവാന്‍ തുടങ്ങി. ഇതിനിടയ്ക്ക് കുഞ്ഞമ്മ വന്നെന്റെ കവിളില്‍ തടവി എന്റെ മീനാക്ഷിക്കുട്ടി എത്ര സുന്ദരിയാണെന്നും ആര്‍ക്കുണ്ടീ കുടുംബത്തില്‍ ഇത്ര ഭംഗിയുള്ള വലിയ കണ്ണുകള്‍ എന്നും മറ്റും പറഞ്ഞ് എന്നെ സുഖിപ്പിച്ചു. മറ്റുള്ള പെണ്ണുങ്ങളും ഇത് ഏറ്റു പാടാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ എനിക്കു ചുറ്റുമുള്ള ആളുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. അതില്‍ എന്റെ ശത്രു പക്ഷവുമുണ്ട്. ശത്രുക്കളുടെ നേതാവായ എന്റെ കൊച്ചേട്ടന് ആരോടെന്നില്ലാതെ ഓരോന്നു പറയാന്‍ തുടങ്ങി.
“പ്രിയപ്പെട്ട ചോട്ടന്, ചോട്ടന്റെ കുത്തു കിട്ടി. ചോട്ടന്റെ പുതിയ ചേച്ചിയുടെ പോട്ടോ കണ്ടു. സുന്ദരിയാണ്. ചോട്ടന് വരുമ്പോള്‍ എനിക്ക് കുങ്കുമപ്പൂവ് കൊണ്ടു വരുമോ? വരുമ്പോള്‍ കൊണ്ടു വന്നാല്‍ മതി, ആരുടെ കയ്യിലും കൊടുത്തയയ്ക്കണ്ട. വഴിയ്ക്കു വച്ചെടുത്തുപയോഗിച്ച് അവരെങ്ങാനും വെളുത്താലോ?”
അരിപ്പെട്ടി പൊളിഞ്ഞ് അതിന്റെ അകത്തേയ്ക്ക് പോയാല്‍ മതി എന്ന് കരുതിപ്പോയ നിമിഷങ്ങള്‍. അപ്പോള്‍ അതാ വരുന്നു അടുത്ത ശത്രുവിന്റെ കമന്റ്: “നുണക്കുഴി കണ്ടോ, ഇത്ര മനോഹരമായ നുണക്കുഴി ആര്‍ക്കു കിട്ടും?”
“യൂ റ്റൂ, അമ്മേ!” എന്ന ഭാവത്തില്‍ ഞാന്‍ അമ്മയെ നോക്കി. ഒരു കള്ളച്ചിരിയുമായി വന്ന് അമ്മ എന്നെ സമാധാനിപ്പിച്ചു. പിന്നെ കുറച്ച് ബുദ്ധിയും ബോധവും വന്നപ്പോള്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലായി. ഞാനും ആ ശത്രു ക്ലബില്‍ അംഗത്വം നേടി അടുത്ത ഇരയ്ക്കായി കാത്തിരുന്നു.
Sunday, September 24, 2006
Subscribe to:
Posts (Atom)