Sunday, September 24, 2006

കറുപ്പോ വെളുപ്പോ

“എടീ, എന്‍റെ കുഞ്ഞെങ്ങാനും അമ്മായിയമ്മയെപ്പോലാവുമോ?” ഗര്‍ഭിണിയായ കൂട്ടുകാരി പലപ്പോഴും ആവലാതിപ്പെട്ടു.

അമ്മായിയമ്മയ്ക്കു എണ്ണക്കറുപ്പാണ്. ഭര്‍ത്താവ് കറുപ്പിന്‍റെ ഇളം ഷേഡുള്ളവനും. കൂട്ടുകാരിയാവട്ടെ, നല്ല വെളുപ്പും. പോരേ പൂരം?

“കറുപ്പും വെളുപ്പുമാണോ കാര്യം? നല്ല ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്ക്,” ഞാന്‍ പറയും. അവള്‍ ഒന്ന് മൂളുകമാത്രം ചെയ്യും.

പിന്നെയാണ് ആലോചിച്ചത്. ഒന്നു വെളുത്തുകിട്ടാന്‍ വേണ്ടി ഞാന്‍ തന്നെ കാണിച്ചു കൂട്ടിയ പരാക്രമങ്ങള്‍. അതൊക്കെയാലോചിക്കുമ്പോള്‍, മകള്‍ വെളുത്തിരിക്കാന്‍ കൂട്ടുകാരി എവിടെയൊക്കെ നേര്‍ച്ച നേര്‍ന്നിട്ടുണ്ടാവും!

കറുപ്പോ, വെളുപ്പോ? ഈ ചോദ്യം ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന ഒന്നാണ്. അച്ഛന്‍റേയും അമ്മയുടേയും കൂടെ വല്ല കല്യാണത്തിനും പോയി തിരിച്ചു വരുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് പെണ്ണിനും ചെറുക്കനും നല്ല നിറമുണ്ടോ എന്നാണ്. എങ്ങാനും പെണ്ണോ ചെറുക്കനോ കറുത്തിട്ടാണെന്നാണ് ഉത്തരമെങ്കില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ലുക്കാണ്. ഇതേ ചോദ്യം ഒരു നവജാത ശിശുവിനെ കണ്ടു വരുമ്പോഴും ഉണ്ടാവും. അങ്ങനെ കറുപ്പ് ഒരു നിറമല്ലേ എന്ന് വരെ എനിക്ക് സംശയമായിത്തുടങ്ങി. കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നു. അതുകൊണ്ട് കറുത്ത തുണികള്‍ക്ക് മാത്രമാണ് മെച്ചം.

കറുപ്പ് നിറം എനിക്കിഷ്ടമാണ്. പക്ഷേ കുട്ടിക്കാലത്ത് ഇരുനിറമായിരുന്ന (ഇപ്പോഴും അങ്ങനെ തന്നെ!) എന്നെ, എന്‍റെ ഏട്ടന്മാരും കസിന്‍സും ഞാന്‍ കരിക്കട്ട പോലെ കറുത്തതാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ കറുത്തതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് ഹാലിളകുമായിരുന്നു. എന്നെ കളിയാക്കുന്ന ഈ ‘ശത്രുക്കളില്‍’ പലരും എന്നേക്കാള്‍ നിറം കുറഞ്ഞവരാണെന്ന ബോധം അന്നെനിക്കില്ലായിരുന്നു.

മുക്കുവന് തവിട് കൊടുത്താണ് എന്നെ കിട്ടിയതെന്നും, അതല്ല, ദത്തെടുത്തതാണെന്നും മറ്റും അവരെന്നെ പലപ്പോഴായി പറഞ്ഞ് വിശ്വസിപ്പിച്ചു. മാത്രമല്ല, ധന്യ എന്ന് പേരുള്ള വെളുത്ത സുന്ദരിയായ മകള്‍ എന്‍റെ അച്ഛനുമമ്മയ്ക്കും ഉണ്ടെന്നും അവള്‍ ബോഡിംഗിലാണെന്നും അവര്‍ പറയുന്നതുകേട്ട് വല്ലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്ന എന്‍റെ മാമിയേയും അവരുടെ മകള്‍ ധന്യയേയും ഞാന്‍ സംശയത്തോടെ കണ്ടു. എന്‍റെ അച്ഛനുമമ്മയും അവളോട് പ്രത്യേകം സ്നേഹം കാണിക്കുന്നുണ്ടോ, അവള്‍ക്ക് കളിപ്പാട്ടങ്ങളും ഉടുപ്പും വാങ്ങിക്കൊടുക്കുന്നത് അവള്‍ അവരുടെ സ്വന്തം മകള്‍ ആയതുകൊണ്ടാണോ എന്നൊക്കെ ഞാന്‍ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ സംശയിച്ചു. ഈ ലോകത്തിലെ ഏറ്റവും വലിയ സങ്കടക്കാരി എട്ട് വയസ്സായ ഞാനാണെന്ന് ഞാന്‍ ഉറപ്പിച്ചു. എന്‍റെ അച്ഛന്‍റേയും അമ്മയുടേയും മകളായ ധന്യയെ അവര്‍ക്കുവേണ്ടി വളര്‍ത്തുന്ന മാമിയേയും മാമനേയും ഇഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, വരുമ്പോഴൊക്കെ ഫ്രൂട്സും പുതിയതരം മുട്ടായികളും വാങ്ങിച്ചു തരുന്ന അവരെ അത്ര വേഗം വെറുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുട്ടായികളുടെ രുചിയിറങ്ങുമ്പോള്‍, ‘ഇനി മുതല്‍ അവരോട് കൂടില്ല’ എന്ന പ്രതിജ്ഞ ഞാന്‍ പുതുക്കിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ ശത്രുക്കള്‍, വെളുക്കാന്‍ പറ്റിയ ഒരു സാധനം ഉണ്ട് എന്ന് പറയുന്നതു കേട്ടു. അതിന്‍റെ പേര്‍ കുങ്കുമപ്പൂ എന്നാണ്. പക്ഷേ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചം വിദേശത്തു നിന്നും വരുന്നതാണ്. മാത്രമല്ല, എന്‍റെ മറ്റൊരു വീക്ക്നസായ നുണക്കുഴി കിട്ടാന്‍ താമരയുടെ തണ്ട് കൊണ്ട് കുത്തിയാല്‍ മതിയെന്നും ഞാന്‍ അവരില്‍ നിന്നും മനസ്സിലാക്കി. താമരത്തണ്ട് കിട്ടാന്‍ പ്രയാസമാണെങ്കില്‍ സാമ്പ്രാണിത്തിരി കത്തിച്ച് കവിളില്‍ വച്ചാലും മതി എന്ന അവരുടെ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ചു. ശത്രുക്കളാണെങ്കിലും നമുക്ക് ഉപയോഗപ്രദമായ കാര്യം പറയുമ്പോള്‍ ശ്രദ്ധിക്കണം എന്ന വലിയ തത്വം ഞാന്‍ അന്നും ഇന്നത്തെപ്പോലെ മാനിച്ചു.

ആദ്യം വെളുക്കണോ അതോ നുണക്കുഴിയുണ്ടാക്കണോ എന്നായി സ്കൂളു കഴിഞ്ഞുവന്നാല്‍ എന്‍റെ ചിന്ത. നുണക്കുഴി നാലാളു കാണണമെങ്കില്‍ മുഖം ആദ്യം വെളുക്കണം എന്ന സാമാന്യ ബുദ്ധി എനിക്കുണ്ടായി. വിളക്കു കത്തിക്കുമ്പോള്‍ പലപ്പോഴായി കിട്ടിയ പൊള്ളലില്‍ നിന്ന് അനുഭവം കൊണ്ട് സാമ്പ്രാണിത്തിരി പ്രയോഗം ഞാന്‍ വേണ്ടെന്നുവച്ചു. ഓണാവധിയ്ക്ക് തറവാട്ടു കുളത്തിലെ താമരയേയും താമര കിട്ടിയില്ലെങ്കില്‍ ആമ്പലിനേയും സ്വപ്നം കണ്ട് ഞാന്‍ നടന്നു. പക്ഷേ അതിനു മുമ്പ് കുങ്കുമപ്പൂവ് സംഘടിപ്പിക്കുവാന്‍ എന്താ വഴി?

കിട്ടിപ്പോയ്. നല്ല കുങ്കുമപ്പൂവ് കിട്ടാന്‍ ഒരു വഴിയാണ് ചന്ദ്രന്‍ ചേട്ടന്‍. നമ്മുടെ വലിയ കുടുംബത്തില്‍ നിന്നും വിദേശത്തു പോയി പണിയെടുക്കുന്ന ഒരേ ഒരു വ്യക്തി. അദ്ദേഹത്തിന്‍റെ അരുമയ്ക്കെരുമയ്ക്കെരുമായ ഒരേ ഒരു അമ്മാവനായ എന്‍റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് സ്വയം അഭിമാനം കൊള്ളുന്നു. അപ്പോള്‍ അങ്ങനെയുള്ള അമ്മാവന്‍റെ മകള്‍ പറഞ്ഞാല്‍ ചന്ദ്രന്‍ ചേട്ടന്‍ തീര്‍ച്ചയായും കേള്‍ക്കും. പക്ഷേ, എങ്ങനെ അറിയിക്കും? ചന്ദ്രന്‍ ചേട്ടന്‍ രണ്ടുമൂന്നു മാസത്തിലൊരിക്കല്‍ ഒരു കത്ത് എന്‍റെ വീട്ടിലേയ്ക്കയയ്ക്കും. അതിനു തിരിച്ച് ആരും അധികമെഴുതി കണ്ടിട്ടില്ല. എനിക്കിവിടെ ഒരുവിധം സുഖം തന്നെ എന്ന പുള്ളിയുടെ സ്ഥിരം ഡയലോഗ് അടങ്ങിയ കത്ത് വളരെ പ്രശസ്തമായിരുന്നു.

അങ്ങനെയിരിക്കെ ചന്ദ്രന്‍ ചേട്ടന് കല്യാണമുറപ്പിച്ചു. പെണ്ണിന് നിറം കുറവാണെന്ന് പെണ്ണുങ്ങള്‍ അടുക്കളയില്‍ അടക്കം പറഞ്ഞു. നിറം കുറഞ്ഞാലെന്താ, നല്ല ജോലിയില്ലേ എന്ന അമ്മയുടെ മറു ചോദ്യവും കേട്ടു. എന്‍റെയീശ്വരാ, പുതുപ്പെണ്ണിനും നിറം കുറവോ, അപ്പോള്‍ ചേട്ടന്‍റെ കല്യാണത്തിനു മുമ്പ് എനിക്കുള്ള കുങ്കുമപ്പൂവ് ഒപ്പിക്കണമെന്ന് ഞാനുറപ്പിച്ചു. അല്ലെങ്കില്‍ എനിക്കുള്ള കുങ്കുമപ്പൂവ് പുതുപ്പെണ്ണ് അടിച്ചുകൊണ്ടുപോയാലോ എന്ന് ഞാന്‍ ഭയന്നു. അധികം വൈകാതെ ഞാന്‍ ചന്ദ്രന്‍ ചേട്ടന് കത്തെഴുതാന്‍ തീരുമാനിച്ചു. അതുവരെ കത്തുകളോടുള്ള എന്‍റെ ഒരേ ഒരു താല്പര്യം കവറിന്‍റെ പുറത്തെ സ്റ്റാമ്പിനോട് മാത്രമായിരുന്നു. ചേട്ടന്‍റെ സ്റ്റാമ്പ് കളക്ഷനേക്കാള്‍ മെച്ചം എന്‍റേതാണെന്ന് വരുത്താന്‍ വീട്ടില്‍ വരുന്ന എല്ലാവരോടും ഒരു നാണവുമില്ലാതെ ഞാന്‍ സ്റ്റാമ്പിനു വേണ്ടി യാചിച്ചു.

അപ്പോള്‍ പറഞ്ഞു വന്നത് എന്‍റെ ആദ്യത്തെ കത്തെഴുത്തിനെക്കുറിച്ചാണ്. എന്തായാലും ചന്ദ്രന്‍ ചേട്ടനു വേണ്ടി പെണ്ണുകാണുകയും അതുറപ്പിക്കുകയും ചെയ്ത എന്‍റെ അച്ഛനുമമ്മയും ചന്ദ്രന്‍ ചേട്ടനു കത്തെഴുതാന്‍ പോകുന്നു എന്ന വിവരം എന്‍റെ റഡാറില്‍ കിട്ടി. എനിക്കും ചന്ദ്രന്‍ ചേട്ടന് കത്തെഴുതാനുണ്ടെന്ന കാര്യം ഞാന്‍ അമ്മയെ അറിയിച്ചു. ഒരു ചെറിയ പേപ്പറില്‍ എഴുതിക്കൊള്ളാന്‍ അമ്മ അനുവാദം തന്നു. തവിടുകൊടുത്തു വാങ്ങിയ മോളോട് അമ്മ കാണിച്ച ഔദാര്യമായി ഞാനാ ഉപകാരത്തെ കണ്ടു. മണിക്കൂറുകളെടുത്ത് ഒരു കത്തെഴുതി അയയ്ക്കാനായി അമ്മയുടെ കയ്യില്‍ കൊടുത്തു.

ഒരു ആഴ്ച കഴിഞ്ഞ് ഓണാവധിക്ക് തറവാട്ടില്‍ പോയപ്പോള്‍ ഞാന്‍ നേരേ കുളക്കരയിലേയ്ക്കോടി. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് എന്‍റെ കൂട്ടുകാരി ശ്രീദേവിയും അവളുടെ അമ്മയും കുളക്കടവില്‍ നില്‍ക്കുന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍, താമര തണ്ടോടുകൂടി പൊട്ടിച്ചു തരാമോ എന്ന് ഞാന്‍ ചോദിച്ചു. നഗരത്തില്‍ നിന്ന് വല്ലപ്പോഴും വരുന്ന വി.ഐ.പി ആയതുകൊണ്ട് ശ്രീദേവിയുടെ അമ്മ, താമര കൊച്ച് നല്ലവണ്ണം കണ്ടോട്ടേ എന്ന് കരുതി ഒരു നാലഞ്ചെണ്ണം പറിച്ചു തന്നു.

എവിടെ തിരിഞ്ഞാലും ജനലുകളും കതകുകളുമുള്ള തറവാട്ടില്‍ എന്‍റെ നുണക്കുഴിയുണ്ടാക്കല്‍ വിക്രിയ നടക്കുകയില്ലെന്ന് കരുതി, വയ്ക്കോല്‍ക്കൂനയുടെ പിന്നിലിരുന്ന് മുഖം മിനുക്കാന്‍ തീരുമാനിച്ചു. ആരുമറിയാതെ കുമാരിച്ചേച്ചിയുടെ ഒരുക്കുപെട്ടിയില്‍ നിന്ന് വാല്‍ക്കണ്ണാടി സ്വന്തമാക്കി. പിന്നെ താമസിച്ചില്ല. ഉള്ളതില്‍ ഭംഗിയുണ്ടെന്നു തോന്നിയ താമരയുടെ തണ്ടെടുത്ത് നുണക്കുഴിയുള്ള ബിന്ദുച്ചേച്ചിയെ മനസ്സില്‍ വിചാരിച്ച് കവിളില്‍ ഒറ്റ കുത്തായിരുന്നു. ഒന്നും സംഭവിച്ചില്ല. തണ്ടുകൊണ്ട് പലയാവൃത്തി ഉരച്ച് എന്‍റെ കവിള്‍ത്തടം ഞാന്‍ കുളം തോണ്ടി. എന്‍റെ ശത്രുക്കളെ പ്രാകിക്കൊണ്ട് ഈ കവിള്‍ത്തടം അമ്മയും മറ്റുള്ളവരും കാണാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ അത് ചീറ്റിപ്പോയി. ഞാന്‍ നുണപറഞ്ഞാല്‍ അപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ മനസ്സിലാക്കും എന്നത് അത്ര ചെറുപ്പത്തിലേ ഞാന്‍ മനസ്സിലാക്കിയതു കാരണം ഉള്ളതുമുഴുവന്‍ അമ്മയോട് ആരോടും പറയരുതെന്ന് ചട്ടം കെട്ടി വിശദീകരിച്ചു. രണ്ടാണ്മക്കള്‍ക്കുശേഷമുണ്ടായ പെണ്ണ് മന്ദബുദ്ധിയായിപ്പോയോ എന്ന് അമ്മ ആദ്യമായി ചിന്തിച്ചുകാണും. പിന്നെ മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ ഒരവസരവും അമ്മയ്ക്ക് ഇതുവരെ കൊടുത്തിട്ടുമില്ല. എന്നെക്കുറിച്ച്, അമ്മയായാല്‍ പോലും പലപ്പോഴും പലരീതിയില്‍ ചിന്തിക്കുന്നത് എനിക്കിഷ്ടമല്ല. കണ്‍സിസ്റ്റന്‍സി: അതില്‍ വിശ്വസിക്കേണ്ടേ നമ്മള്‍?

തിരുവോണ നാളില്‍ ഊണുകഴിഞ്ഞ് ഇരിക്കുമ്പോള്‍ എന്‍റെ ശത്രുക്കള്‍ ഏതോ ചോട്ടനെക്കുറിച്ചും കുത്തിനെക്കുറിച്ചും പറയാന്‍ തുടങ്ങി. ഞാന്‍ അടുത്തെത്തുമ്പോള്‍ ചോട്ടന്‍റെ കുത്തുകിട്ടിയെന്ന് ഇമ്പൊസിഷന്‍ പോലെ അവര്‍ പാടിക്കൊണ്ടിരുന്നു. ഇവരുടെ പാണപ്പാട്ട് കേള്‍ക്കുന്നതിനേക്കാള്‍ ഭേദം അമ്മയുടേയും കുഞ്ഞമ്മമാരുടേയും അമ്മായിമാരുടേയും പരദൂഷണം കേള്‍ക്കുന്നതാണെന്ന് കരുതി അടുക്കളയിലെ അരിപ്പെട്ടിയുടെ മുകളില്‍ സ്ഥാനം പിടിച്ചു. എന്നെക്കണ്ടതും അവര്‍ ചാനല്‍ മാറ്റി അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ചും ഭര്‍ത്താവിന്‍റേയും കുട്ടികളുടേയും ആരോഗ്യത്തെക്കുറിച്ചും മത്സരിച്ച് ഉല്‍ക്കണ്ഠപ്പെടുവാന്‍ തുടങ്ങി. ഇതിനിടയ്ക്ക് കുഞ്ഞമ്മ വന്നെന്‍റെ കവിളില്‍ തടവി എന്‍റെ മീനാക്ഷിക്കുട്ടി എത്ര സുന്ദരിയാണെന്നും ആര്‍ക്കുണ്ടീ കുടുംബത്തില്‍ ഇത്ര ഭംഗിയുള്ള വലിയ കണ്ണുകള്‍ എന്നും മറ്റും പറഞ്ഞ് എന്നെ സുഖിപ്പിച്ചു. മറ്റുള്ള പെണ്ണുങ്ങളും ഇത് ഏറ്റു പാടാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ എനിക്കു ചുറ്റുമുള്ള ആളുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. അതില്‍ എന്‍റെ ശത്രു പക്ഷവുമുണ്ട്. ശത്രുക്കളുടെ നേതാവായ എന്‍റെ കൊച്ചേട്ടന്‍ ആരോടെന്നില്ലാതെ ഓരോന്നു പറയാന്‍ തുടങ്ങി.

“പ്രിയപ്പെട്ട ചോട്ടന്, ചോട്ടന്‍റെ കുത്തു കിട്ടി. ചോട്ടന്‍റെ പുതിയ ചേച്ചിയുടെ പോട്ടോ കണ്ടു. സുന്ദരിയാണ്. ചോട്ടന്‍ വരുമ്പോള്‍ എനിക്ക് കുങ്കുമപ്പൂവ് കൊണ്ടു വരുമോ? വരുമ്പോള്‍ കൊണ്ടു വന്നാല്‍ മതി, ആരുടെ കയ്യിലും കൊടുത്തയയ്ക്കണ്ട. വഴിയ്ക്കു വച്ചെടുത്തുപയോഗിച്ച് അവരെങ്ങാനും വെളുത്താലോ?”

അരിപ്പെട്ടി പൊളിഞ്ഞ് അതിന്‍റെ അകത്തേയ്ക്ക് പോയാല്‍ മതി എന്ന് കരുതിപ്പോയ നിമിഷങ്ങള്‍. അപ്പോള്‍ അതാ വരുന്നു അടുത്ത ശത്രുവിന്‍റെ കമന്‍റ്: “നുണക്കുഴി കണ്ടോ, ഇത്ര മനോഹരമായ നുണക്കുഴി ആര്‍ക്കു കിട്ടും?”

“യൂ റ്റൂ, അമ്മേ!” എന്ന ഭാവത്തില്‍ ഞാന്‍ അമ്മയെ നോക്കി. ഒരു കള്ളച്ചിരിയുമായി വന്ന് അമ്മ എന്നെ സമാധാനിപ്പിച്ചു. പിന്നെ കുറച്ച് ബുദ്ധിയും ബോധവും വന്നപ്പോള്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലായി. ഞാനും ആ ശത്രു ക്ലബില്‍ അംഗത്വം നേടി അടുത്ത ഇരയ്ക്കായി കാത്തിരുന്നു.

42 comments:

  1. മീനാക്ഷി said...

    ‘കറുപ്പോ വെളുപ്പോ’ എന്‍റെ പുതിയ പോസ്റ്റ്.

  2. Rasheed Chalil said...

    മീനാക്ഷി കഥ അസ്സലായി... എനിക്കുമുണ്ടായിരുന്നു കറുപ്പ് നിറമുള്ള ഒരു സുഹൃത്ത്. പുള്ളിയോട് കറുപ്പിന് ഏഴ് അഴകാണെന്ന് പറഞ്ഞാല്‍ ഉടന്‍ വരും മറുപടി. പറയുന്നവര്‍ക്ക് അങ്ങനെ പലതും പറയാം.പക്ഷേ അതെല്ലാം ഞങ്ങളെ സോപ്പടിക്കാനാണെന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ.

    മീനാക്ഷീ നന്നായിരിക്കുന്നു.നല്ല വിവരണം. അസ്സലായി

  3. Mubarak Merchant said...

    സൂപ്പറായി മീനാക്ഷീ.
    അരിപ്പെട്ടിയുട മുകളിലിരുന്ന് ഉരുകുന്ന മീനാക്ഷിയെയോര്‍ത്ത് നന്നായി ചിരിച്ചു.

  4. Adithyan said...

    ദേ ഇവടെ ഒരു പെണ്‍പുലി ഇറങ്ങിയിരിക്കുന്നു, ഇനി അറിഞ്ഞില്ലാ കേട്ടില്ലാ എന്ന് പറയര്‍ത്....

    മീനാക്ഷി, വിവരണം അടിപൊളി!
    ശരിക്കും രസിച്ചു.

  5. Santhosh said...

    അതു ശരി, കറുത്ത വര്‍ഗക്കാര്‍ക്ക് ഇങ്ങനെ ചില പ്രോബ്ലംസ് ഒക്കെ ഉണ്ട്, അല്ലേ.

    സ്വാഗതം, മീനാക്ഷീ.

  6. ഇടിവാള്‍ said...

    സ്വാഗതം മീനാക്ഷീ !

    ആദ്യപോസ്റ്റു തന്നെ ഗംഭീരം ! രസികന്‍ വിവരണം !

    അദ്ദേഹത്തിന്‍റെ അരുമയ്ക്കെരുമയ്ക്കെരുമായ ഒരേ ഒരു അമ്മാവനായ എന്‍റെ അച്ഛന്‍ ..

    ഇതെനിക്കു ക്ഷ പിടിച്ചു !

  7. asdfasdf asfdasdf said...

    ആദ്യ പോസ്റ്റു തന്നെ അടിപൊളിയായിട്ടുണ്ട്. സ്വാഗതം.

  8. രാജ് said...

    ചോട്ടന്റെ മീനാക്ഷി ആളു കൊള്ളാമല്ലോ. മാധവിക്കുട്ടിയുടെ ‘ബാല്യകാലസ്മരണകള്‍’ പോലെ നല്ല വായനാസുഖം.

  9. kusruthikkutukka said...

    കഥ ഇഷ്ടപെട്ടു...ഇനിയും വരട്ടേ ഇങ്ങനെയുള്ള നല്ല നല്ല കഥകള്‍
    സ്വാഗതം !!!

  10. ദേവന്‍ said...

    "മുക്കുവന് തവിട് കൊടുത്താണ് എന്നെ കിട്ടിയതെന്നും, അതല്ല, ദത്തെടുത്തതാണെന്നും മറ്റും"
    -------------------------------
    ഹഹ അപ്പോ എനിക്കു മാത്രമല്ല ഈ വര്‍ണ്ണത്തിലാശങ്കപ്പാര കയറിയിട്ടുള്ളത്‌.

    എന്റെ വീട്ടില്‍ പയ്യന്‍ നിരയില്‍ ആയിരുന്നു ആട്ട്രിബ്യൂട്ട്‌ ഡിസ്ട്രിബ്യൂട്ട്‌ ചെയ്തപ്പോ ദൈവത്തിനു പക്ഷപാതോമാനിയ ഇളകിയത്‌.
    1. വെളുത്ത ചേട്ടന്‍ - മൂപ്പര്‍ സുന്ദരന്‍, ജിമ്നാസ്റ്റ്‌, ബോഡി ബില്‍ഡര്‍, കരാട്ടേ, തെക്കന്‍ കളരി, ജഗജില്ലി.

    2. ഇരു നിറച്ചേട്ടന്‍- അജാനുബാഹുലേയന്‍, പാട്ടുകാരന്‍, മാന്‍ ഓഫ്‌ ലെറ്റേര്‍സ്‌, ഗിറ്റാറിസ്റ്റ്‌, ബുജി, നാടു നീളെ പെമ്പിള്ളേരു ക്യൂ ആയി പിന്നാലെ.

    ഇതിന്റെ രണ്ടിന്റേയും താഴെ, പാറക്കെട്ടില്‍ കുരുത്ത കരിന്തകര പോലെ ഒരു ഈര്‍ക്കിച്ചെക്കന്‍, കുടത്തുണിക്കറുമ്പന്‍, കുടവയറന്‍, ബ്രൌണ്‍ കളര്‍ പാണ്ടി സ്റ്റൈല്‍ സില്‍ക്കി മുടിയും.

    "അച്ഛന്‍ മീന്‍ കൊണ്ടുവരുന്ന മക്കിക്ക്‌ തവിടു കൊടുത്തു ഇവനെ വാങ്ങിച്ചതാണ്‌" എന്ന് ചിലര്‍ പരസ്യമായും, രഹസ്യമായും.

    നൊന്തു പോയി.

    ഒരു തരത്തില്‍ അതു നന്നായി. ആ ചെറിയ മുറിവുകള്‍ തന്നത്‌ വളരെ വലിയ ഇമ്യൂണിറ്റിയാണ്‌. ജീവിതത്തില്‍ ഒരു മാതിരിപ്പെട്ടവന്‍ വീണു പോകുന്ന പ്രതിസന്ധികളിലെല്ലാം ആ കരുത്ത്‌ തുണയായി.

    "നിറമില്ലെങ്കിലും കരുത്തില്ലെങ്കിലും കഴിവില്ലെങ്കിലും എനിക്ക്‌ പുല്ല്‌" എന്ന ബാല്യകാല തീരുമാനം പിന്നെയൊരിക്കല്‍ ഒന്നുമില്ലാതെ വന്നപ്പോഴും ആരുമില്ലാതെ വന്നപ്പോഴുമെല്ലാം "ഒന്നുമില്ലെങ്കിലും ആരുമില്ലെങ്കിലും പുല്ലെന്ന്" ചിന്തിക്കാന്‍ ശക്തി തന്നു.

    ശെഡ്ഡാ, കണ്ണു തെറ്റിയാല്‍ ഞാന്‍ കാടു കയറും.. കള..
    അപ്പോ പറഞ്ഞു വന്നത്‌ മീനാക്ഷി, കഥ നല്ല ടച്ചിംഗ്‌ ആയി തോന്നി, അതെന്റെകൂടി കഥ ആയതുകൊണ്ട്‌.

  11. Unknown said...

    ഇതു എന്റേയും കഥ!

    അപ്പന്‍ കറപ്പ്, അമ്മ വെളുപ്പ്!
    ഞാന്‍ കറുപ്പ്, അനിയത്തി വെളുപ്പ്!
    ഇപ്പോള്‍ ഞാന്‍ കറുപ്പ്
    ഭാര്യ വെളുപ്പ്,മകനും വെളുപ്പ്!

    സ്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഞാന്‍ മാത്രം കറുപ്പ്, പോരാത്തതിനു നല്ല പൊക്കവും ! പത്തില്‍ പഠിക്കുമ്പോള്‍ ഒരു നാലര അടി വരും കഷ്ടി! ബോണസ്സായിട്ടു നല്ല പൊങ്ങിയ പല്ലുകളും, പോരെ പൂരം! ക്രിക്കറ്റ് കളിക്കുമ്പോള്‍ കൂട്ടികാര്‍ കളിയാക്കും ‘ ദേ ഒരു ക്രിക്കറ്റ് ബാറ്റ് തന്നെ ഓടി പോകുന്നു‘! കോമ്പ്ലക്സ് മൊത്തമായും വാങ്ങി വെച്ചിരുന്നതു കൊണ്ട് ഫോട്ടോകള്‍ക്ക് പോസ്സ് ചെയ്യാന്‍ മടി, അങ്ങനെ ടൂര്‍ പോകുമ്പോള്‍ എല്ലാരും ക്യാമറ്യ്ക്കു മുന്‍പില്‍ നില്‍ക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ എടുത്തു തരാം എന്നു പറഞ്ഞ് ക്യാമറ വാങ്ങും,അങ്ങനെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയതാ!

    എന്തായലും കാലക്രമേണെ കറുപ്പ് കോപ്ലക്സ് മാറി പോയി!

  12. Unknown said...

    മീനാക്ഷി, നല്ല എഴുത്തു, മുന്‍ കമന്റില്‍ അഭിനന്ദനങ്ങള്‍ ചൊരിയാന്‍ മറന്നു പോയി! :)

  13. ലിഡിയ said...

    ദേ..ഈ ലിസ്റ്റില്‍ കൂടാന്‍ ഒരാള്‍ കൂടി..ഈ കറുപ്പൊന്ന് വെളുപ്പാക്കാന്‍ നടത്തിയ പരാക്രമങ്ങളൊക്കെ ആരൊടെങ്കിലും പറഞ്ഞാല്‍, ഉറപ്പാണ് എന്നെ സംശയത്തൊടെ ഒന്ന് നോക്കും,സ്ഥിരബുദ്ധിയുള്ള ആള്‍ തന്നെയോ എന്ന സംശയത്തില്‍.

    -പാര്‍വതി

  14. Unknown said...

    കണ്‍സിസ്റ്റന്‍സി: അതില്‍ വിശ്വസിക്കേണ്ടേ നമ്മള്‍?

    കിടിലന്‍! ബൂലോഗരേ... ഇതാ മറ്റൊരു പുലിമട!

  15. Visala Manaskan said...

    പണികളൊതുക്കി ഒരു പോസ്റ്റ് വായിക്കാനൊരുങ്ങി വന്നപ്പോഴാണ് ദില്‍ബന്റെ കമന്റ് കണ്ടത്.

    ഗ്യാപ്പിടാതെ ഞാന്‍ വാ‍യിച്ചു തീര്‍ത്തു. എന്തൊരു രസാ മീനാക്ഷിക്കുട്ട്യേ ഇങ്ങള് എഴുതേക്കണത് വായിക്കാന്‍! അടിപൊള്യായിട്ടുണ്ട്.

    ‘അദ്ദേഹത്തിന്‍റെ അരുമയ്ക്കെരുമയ്ക്കെരുമായ ഒരേ ഒരു അമ്മാവനായ എന്‍റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് “സ്വയം“ അഭിമാനം കൊള്ളുന്നു‘ തകര്‍ത്തു.

    ദേവഗുരുവേ.. യെന്തിറ്റാ പെട! ഹഹ.

  16. കരീം മാഷ്‌ said...

    ഇതു ഒറിജിനല്‍ വിശാലനോ ? അതോ അപരനോ?
    അടയാള വാക്കു പറയണം. “പ്രതിഭ കയ്യിലുണ്ടോ”
    “പ്രതിഭ കയ്യിലുണ്ടോ”
    ഇനി ടെന്‍ഷനടിക്കാന്‍ വയ്യ.

    മറ്റവന്‍ ഒന്നും പറയില്ല
    “മറ്റേവനു ജന്മ്നാ ഇല്ല”
    മീനാക്ഷി കഥ അസ്സലായി. ഇനിയും കൂടുതല്‍ എഴുതുക.

  17. സ്വാര്‍ത്ഥന്‍ said...

    പെറാന്‍ കെടക്കുന്ന എന്റെ അമ്മയ്ക്ക് ബ്രാല്‍(വരാല്‍) തിന്നാന്‍ മോഹം. ആദ്യത്തെ പ്രസവം ഇത്തിരി കടുപ്പമായിരുന്നതിനാല്‍ എന്തും വരട്ടെ എന്നു കരുതി അമ്മമ്മ ബ്രാലുകറി ഉണ്ടാക്കി ആശുപത്രിയില്‍ കൊണ്ടുചെന്ന് മകളെ മതിയാവോളം തീറ്റിച്ചു. ബ്രാലു വയറ്റിലെത്തിയതും അവിടെക്കിടന്ന കുഞ്ഞിനെ തള്ളി പുറത്തേക്കിട്ടു. യാതൊരു ഏനക്കേടും കൂടാതെ അവള്‍ പുറത്തു വന്നെങ്കിലും, ബ്രാലിന്റെ നിറമായിപ്പോയി അവള്‍ക്ക്!!!!! കളിയാക്കുമ്പോള്‍ ഒരുപാട് കരയാറുണ്ടായിരുന്നു അവള്‍ പണ്ട്. പിന്നീട് അവളും അത് അംഗീകരിച്ചു തുടങ്ങി, അമ്മ ബ്രാലു കഴിച്ച കാരണം ഞാന്‍ കറുത്തു പോയി എന്നവള്‍ പറയുമായിരുന്നു, തമാശയായി. “ഈ നിറം ഇഷ്ടമുള്ള ഒരാളെങ്കിലും ഉണ്ടാകും” എന്നവള്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. അവളുടെ വിശ്വാസം അവളെ രക്ഷിച്ചു. അളിയന്‍ എന്നേക്കാള്‍ ചുള്ളന്‍!!!!

    മോളേ മീങ്കണ്ണീ, എഴുത്ത് നന്നായി(ചോട്ടന് എഴുതിയതല്ല!), ഒരുപാടിഷ്ടമായി(അല്ലേലും എനിക്കെന്റെ കറുമ്പി പെങ്ങളെ ഒരുപാടിഷ്ടമാണേന്നേ!)
    ബൂലോഗത്തേക്ക് സ്വാഗതം.....

  18. ഡാലി said...

    മീനൂട്ടി,
    തവിടു കൊടുത്ത് വാങ്ങിയ കുട്ടികള്‍ അപ്പോള്‍ കുറേയ്ണ്ടല്ലൊ? എന്നെ വെണ്ണൂറ് കൊടുത്താത്രേ വാങ്ങിയത്!
    നല്ല ഒഴുക്കുള്ള എഴുത്ത് മീനൂട്ടേയ്... പോസ്റ്റുകള്‍ പോരട്ടെ.
    ബൂലോഗത്തേയ്ക്ക് സുസ്വാഗതം

  19. ദിവാസ്വപ്നം said...

    ഹായ് അത് കലക്കീട്ടോ

    നന്നായി ആസ്വദിച്ച് വായിച്ചു

    ഇനിയും എഴുതുക

  20. Kuttyedathi said...

    കറുപ്പു യൂണിയനില്‍ ചേരാനൊരാള്‍ കൂടിയുണ്ടേ, ഇവിടെ. പണ്ടേ ഇരുനിറക്കാരി ആയിരുന്നു. ഗറ്ഭിണി ആയപ്പോള്‍ ഹീമോഗ്ലോബിന്‍ ഭയങ്കര കുറവായതു കൊണ്ടുള്ള അയണ്‍ റ്റാബ്ലറ്റ് മുഴുവനും വാരി തിന്നിപ്പോ നല്ല കാക്കക്കറുമ്പി. കഴുത്തിന്റെ ഒക്കെ പിന്നിലെ നിറം കണ്ടാല്‍, ആഹാ കാക്ക നാണിക്കും :) . കുടുമ്പത്തിലെല്ലാരും ഏകദേശം ഇതേ നിറം തന്നെയായതിനാല്‍, ഞങ്ങളിതിനെ ഞങ്ങളുടെ ‘കമ്പനി നിറം’ എന്നു വിളിക്കും. കെട്ടി ചെന്നു കേറിയതോ, എല്ലാരും നല്ല വെളുത്തിരിക്കണ വീട്ടിലും :)

    എല്ലാരേം തവിടെങ്കിലും കൊടുത്താണല്ലേ മേടിച്ചത് ? എന്നെ യേതോ പെരുമഴയത്ത്, മീന്‍ പിടിയ്ക്കാന്‍ പോയപ്പോള്‍ വലയില്‍ കുടുങ്ങി കിട്ടിയതാണത്രേ. വല്യ മീനുകളെ ഒക്കെ പെറുക്കി മാറ്റി നോക്കിയപ്പോള്‍, ദാ വലയുടെ അടിയില്‍, ചുരുണ്ടു കൂടി എന്റെ കിടപ്പ്... തിരിച്ചു തോട്ടിലേയ്ക്കിടാന്‍ തോന്നാത്തതിനാലപ്പനെടുത്തോണ്ടു പോന്നതാത്രേ.

    മീനാക്ഷിക്കുട്ടിയേ, ഉഗ്രനായിരിക്കുന്നു എഴുത്ത്. മനോഹരം... ഒഴുക്കുള്ള ശൈലി. തിങ്കളാഴ്ച രാവിലെ ആയിട്ടു കൂടി (റ്റൈം ഷീറ്റ് പോലും ഇട്ടില്ല ഇതുവരെ ) ഒരു കമന്റിടാതെ പോകാന്‍ തോന്നിയില്ല. ഇനിയും പോരട്ടെ വിശേഷങ്ങള്‍.

  21. Kumar Neelakandan © (Kumar NM) said...

    എഴുത്ത് നന്നായി.

    കുട്ടിക്കാലത്ത് എന്റെ അമ്മൂമ്മ എന്നെക്കുറിച്ചും പറഞ്ഞിരുന്നു, തവിട് കൊടുത്ത് വാ‍ങ്ങിയവന്‍ എന്ന്.

  22. അലിഫ് /alif said...

    ലളിതസുന്ദരമായ ആഖ്യാനം..പെണ്‍പുലി മീ‍നാക്ഷീ , നമോവാകം. ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്ത ഇന്നത്തെ പോസ്റ്റ്. അടുത്ത മൌനം അക്ഷരമാകുന്നതും കാത്തിരിക്കുന്നു.

  23. വല്യമ്മായി said...

    വളരെ നന്നായിരിക്കുന്നു കുറുമ്പിക്കുട്ടീ

  24. ബിന്ദു said...

    മീനാക്ഷി .. കൊള്ളാല്ലൊ. :) നന്നായിരിക്കുന്നു.

  25. Chathunni said...

    മീനാക്ഷീ, നല്ല ഒന്നാന്തരം എഴുത്ത്‌.. :-). മിസ്റ്റര്‍ ശ്രീകൃഷ്ണന്‍ ബ്ലാക്ക്‌ ആയതു കൊണ്ടാണ്‌ പുള്ളിക്ക്‌ ഇത്രമേല്‍ ഗോപികമാരെ ചാക്കിലാക്കാന്‍ പറ്റിയത്‌ എന്നാശ്വസിച്ച കാലം ഞാന്‍ മറന്നിട്ടില്ല്ല..:-D

  26. Anonymous said...

    മീനാക്ഷിക്കുട്ട്യേ
    എന്താ എഴുത്ത്. എഴുത്ത് സരസമ്മ ലളിതമ്മ ഒക്കെ തന്നെ. നല്ല ഭംഗിയുള്ള എഴുത്ത്..

    എനിക്കാ ‘കണ്‍സിസ്റ്റന്‍സി’ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. കുറേ നേരമെടുത്ത് ചിരി നിറുത്താന്‍..ഹഹഹാ..അത് കലക്കി. ഞാനും പല കാര്യങ്ങളിലും ആ കണ്‍സിസ്റ്റന്‍സി നിലനിര്‍ത്തിക്കൊണ്ട് പോരുന്നു. :)

    ഭയങ്കര എഴുത്താ കേട്ടൊ...! കലക്കി!

  27. മീനാക്ഷി said...

    എന്‍റെ ആദ്യ പോസ്റ്റ് സ്വീകരിച്ചു പ്രോത്സാഹിപ്പിച്ച ബൂലോഗ കൂട്ടുകാര്‍ക്ക് ഒരായിരം നന്ദി. ഞാന്‍ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ എന്‍റെ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം. ജീവിതത്തില്‍ ആദ്യാമായാണ് എന്തെങ്കിലും ഒന്ന് എഴുതുന്നത്. പരീക്ഷ, കത്തുകള്‍, പിന്നെ പച്ചക്കറി ലിസ്റ്റ് എഴുതിയ പരിചയമേയുള്ളു. എല്ലാരും വലിയ വലിയ കാര്യങ്ങള്‍‍ പറയുമ്പോള്‍ ഇത്തരം കൊച്ചു കൊച്ചു കാര്യങ്ങളേ എനിക്ക് പറയാനുള്ളൂ. ഇനിയും, തുടര്‍ന്നും അഭിപ്രായം അറിയിക്കുക.

    വാണിജ്യപ്രക്ഷേപണ നിലയം പറയുമ്പോലെ,
    ഇത്തിരിവെട്ടം, ഇക്കാസ്, ഇടിവാള്‍: നന്ദി
    കുട്ടമ്മേനോന്‍, കുട്ട്യേടത്തി, കുസൃതിക്കുടുക്ക, കുമാര്‍, കരീം മാഷ്: നിങ്ങള്‍ക്കും നന്ദി.
    പാര്‍‍വതി, വല്യമ്മായി, ചാത്തുണ്ണി, ഡാലി: നന്ദി
    ആദിത്യന്‍, പെരിങ്ങോടന്‍, സപ്തവര്‍ണ്ണങ്ങള്‍, ദില്‍ബാസുരന്‍, വിശാല മനസ്കന്‍, സ്വാര്‍ത്ഥന്‍, ചെണ്ടക്കാരന്‍: നന്ദി
    സന്തോഷ്ജി, ഉമേഷ്ജി, കല്യാണ്‍ജി, ആനന്ദ്ജി: നന്ദി. (സോറി, ഉമേഷ്ജി ഇതുവരെ ഇവിടെ കമന്‍റിയിട്ടില്ല. ധൈര്യമായി കടന്നുവരൂ ഉമേഷ്ജി.)
    ദേവരാഗം, ദിവാ സ്വപ്നം: ശുക്രിയ
    ബിന്ദു, ഇഞ്ചിപ്പെണ്ണ്: നിങ്ങള്‍ക്ക് പ്രത്യേക നന്ദി.

  28. -B- said...

    അസ്സലായിട്ടുണ്ട്‌ ട്ടോ മീനാക്ഷിക്കുട്ട്യേ. ഇത്തിരി അസൂയ വന്നോന്നൊരു സംശയം. :)

    പിന്ന്യേ, റബ്ബര്‍ പാല്‍ കുടിച്ചാല്‍ വെളുക്കും എന്നാരോ പറഞ്ഞത്‌ കേട്ടിട്ട്‌ അതും ചെയ്യാന്‍ പോയ ആളാ ഞാന്‍. :)

    എന്തായാലും അവസാനം കിട്ടി, ഈ കളറിഷ്ടപ്പെട്ട ഒരുത്തനെ. :)

  29. ചന്തു said...

    മീനുക്കുട്ടീ ഇപ്പഴാ കണ്ട്ത്.

    “രണ്ടാണ്മക്കള്‍ക്കുശേഷമുണ്ടായ പെണ്ണ് മന്ദബുദ്ധിയായിപ്പോയോ എന്ന് അമ്മ ആദ്യമായി ചിന്തിച്ചുകാണും. പിന്നെ മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ ഒരവസരവും അമ്മയ്ക്ക് ഇതുവരെ കൊടുത്തിട്ടുമില്ല“. അത് സുഖിച്ചു.

    എന്റെ സ്വന്തം ചേച്ചി അവളുടെ കയ്യിനോട് എന്റെ കൈ ചേര്‍ത്ത് വച്ചു പറയാറുണ്ടായിരുന്നു “ദേ നോക്കെടാ ഞാനാ വെളുത്തത്” എന്ന്.ആ വാദത്തെ വെട്ടാന്‍ “കറുപ്പിന് ഏഴഴകാ”എന്ന് ഞാന്‍ വാദിക്കും.പക്ഷെ എവിടെ വിലപ്പോകാന്‍,“ കറുപ്പിനു ഏഴഴകല്ല ഏഴഴ്ക്കാ” എന്നു പറഞ്ഞ് എന്റെ വാദത്തിന്റെ മുന ഒടിയ്ക്കും.

    ഹും..ന്നാലും കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ് :-))
    ഉഗ്രന്‍ വിവരണം.

  30. തറവാടി said...

    മീനാക്ഷീ , വളരെ നന്നായിട്ടുണ്ട് , എന്നെയും തവിട് കൊടുത്ത് വാങ്ങിയതായിരുന്നു എന്നാല്‍ പാലക്കാട്ന്ന് തമിഴന്മാര്‍ വന്നപ്പോഴാണെന്ന് മാത്രം , ശരിക്കും രസിച്ച് തന്ന വായിച്ചു.

  31. ജ്യോതിര്‍മയി /ज्योतिर्मयी said...

    മീനാക്ഷി,

    വളരെ ഇഷ്ടമായി. രസിച്ചുവായിച്ചു. എന്നെ കടലയ്ക്കപ്പാറൂന്റെ കയ്യിന്നാത്രേ വാങ്ങീത്‌, പിണങ്ങുമ്പോള്‍ ഏട്ടന്‍ പറയാറുള്ളതാ:-)

  32. മീനാക്ഷി said...

    ബിരിയാണിക്കുട്ടി: നന്ദി :)
    ചന്തു : നന്ദി
    തറവാടി: നന്ദി
    ജ്യോതിര്‍മയി: നന്ദി

  33. Promod P P said...

    മീനാക്ഷി..

    വായിക്കാന്‍ അല്‍പം വൈകി

    എഴുത്ത്‌ അതീവ ഹൃദ്യം..
    ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടാവട്ടെ.

  34. മുസാഫിര്‍ said...

    ഇതിപ്പഴാണു കണ്ടത്.വളരെ ഇഷ്ടപ്പെട്ടു.
    പ്രത്യേകിച്ച്
    ‘ മന്ദബുദ്ധിയായിപ്പോയോ എന്ന് അമ്മ ആദ്യമായി ചിന്തിച്ചുകാണും. പിന്നെ മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ ഒരവസരവും അമ്മയ്ക്ക് ഇതുവരെ കൊടുത്തിട്ടുമില്ല. എന്നെക്കുറിച്ച്, അമ്മയായാല്‍ പോലും പലപ്പോഴും പലരീതിയില്‍ ചിന്തിക്കുന്നത് എനിക്കിഷ്ടമല്ല. കണ്‍സിസ്റ്റന്‍സി: അതില്‍ വിശ്വസിക്കേണ്ടേ നമ്മള്‍?

    അസ്സലായി.ഇനിയും എഴുതുക.

  35. ഉമേഷ്::Umesh said...

    മീനാക്ഷി വിളിച്ചതു് ഇപ്പഴാ കണ്ടതു്.

    എന്തു ചെയ്യാന്‍ മീനാക്ഷീ, തീരെ സമയമില്ലാത്തതുകൊണ്ടു് വായന വളരെ കമ്മി. പഴയ പുള്ളികളെയും എനിക്കു വായിച്ചു പ്രത്യേകം ഇഷ്ടമുള്ള പുള്ളികളെയും കുറേ വായിക്കാന്‍ കിടക്കുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണു പുതിയ ആളുകളെ അറിയുന്നതു്? പ്രധാനമായും സ്വന്തം പോസ്റ്റുകളും കമന്റുകളുമായി അങ്ങനെ കഴിയുന്നു.

    അതിനിടയില്‍ ബാധയിളകിയതുപോലെ ചിലടത്തൊക്കെ പോകും, വായിക്കും. കമന്റിടും. അങ്ങനെയാണു് എന്നെ അവിടെയും ഇവിടെയും കാണുന്നതു്. മിക്കവാറും ആദിത്യന്റെയോ ഇഞ്ചിയുടെയോ പിറകേ പോകുന്നതാണു്. അവരെക്കാണുമ്പോഴാണു് എനിക്കു ബാധ ഇളകുന്നതു്.

    മീനാക്ഷിയെയും ലിസ്റ്റില്‍ ചേര്‍ത്തു. ഇനി മുതല്‍ വായിച്ചോളാം. ആദ്യത്തെ പോസ്റ്റു കലക്കി.

    “പ്രായമുള്ള ചേരട്ടനു്” എന്നെഴുതിയില്ലല്ലോ. ഭാഗ്യം!

    ആ കണ്‍സിസ്റ്റന്‍സി എനിക്കും ഇഷ്ടമായി, കേട്ടോ.

    പിന്നെ, കറുപ്പിനു് ഏഴഴകെന്നു് ഇപ്പോള്‍ മനസ്സിലായി. ചുമ്മാതാണോ ഒരു കറുമ്പന്‍ കയറി “സപ്തവര്‍ണ്ണങ്ങള്‍” എന്നു പേരു സ്വീകരിച്ചതു്!

  36. Adithyan said...

    എന്തു തെറ്റാണോ ഞാന്‍ ചെയ്തത്, എന്റെ പുറകെ ഒരു ബാധ ആനപ്പുറത്തു കയറി പിന്തുടരാന്‍ :((

  37. മീനാക്ഷി said...

    തഥാഗതന്‍:നന്ദി
    മുസാഫിര്‍:നന്ദി
    ഉമേഷ്: നന്ദി.

    സത്യമായും ബാധയാണെന്ന് അറിയില്ലായിരുന്നു,അറിഞ്ഞിരുന്നേല്‍ ക്ഷണിക്കില്ലായിരുന്നു:) ഒന്ന് സംശയിച്ചു,പക്ഷെ വെള്ളിയാഴ്ച കമന്‍റ് ഇട്ടത്തു കാരണം ഇത് ബാധ തന്നെ! എന്നെ ലിസ്റ്റില്‍ ചേര്‍ത്തു അല്ലേ, അയണ്‍ tablets കഴിച്ച് ഉണ്ടാക്കിയ രക്തമാണ്... പ്ലീസ്! ആദിത്യന്‍ ചേട്ടനും ഇഞ്ചിയും എന്ത് അത്മസംരക്ഷണ യന്ത്രമാണ് ഉപയോഗിക്കുന്നത്?

    :)

  38. Anonymous said...

    just wondefull read

    beautifully described and touching.

    www.sunilkumartk.co.nr

  39. വില്ലൂസ് said...

    മീനാക്ഷി കഥ അസ്സലായി...
    ഇനിയും വരട്ടേ ഇതു പോലത്തെ സൃഷ്ടികള്‍.....
    ഞാനും കറുപ്പിന്റെ ഗ്രൂപ്പിലാ.....കേട്ടോ...

  40. Unknown said...

    അപ്പൊ ഈ മുക്കുവനും, തവിടും, ബാര്‍ട്ടര്‍ സിസ്റ്റവും, ബോര്‍ഡിങ്ങുമൊക്കെ ഗ്ലോബല്‍ ആയിരുന്നല്ലെ... അപ്പൊ ഞാന്‍ മാത്രമല്ല വിഷമിച്ചത്... എനിക്ക് സന്തോഷമായി മീനാക്ഷീ:)

    സസ്നേഹം
    --
    മറ്റൊരു എണ്ണക്കറുമ്പന്‍,
    പൊന്നമ്പലം

  41. nandakumar said...

    ശ്ശേഡാ..എന്തേ ഇതിത്ര വൈകി. കൊല്ലമെത്ര കഴിഞ്ഞു ഇത് കണ്ണില്‍ പെടാന്‍!! :)

    പേടിക്കേണ്ട മീനാക്ഷി, 6 മക്കളുള്ള ഞങ്ങളില്‍ ഏറ്റവും ഇളയതായ എന്നെ ആര്‍ക്കോ തവിട് കൊടൂത്ത് വാങ്ങിയതാണെന്ന് കുഞ്ഞിലേ ഞാനും കേട്ടിട്ടുണ്ട്. തവിട് തിന്നാണാവോ ഞാനും ‘അച്ഛനെപോലെ’ കറൂത്തതാ.. അതൊലൊരു കൊഴപ്പവും തോന്നുണില്ലാ. തന്തയുടെ നിറമല്ലേ തന്തക്കു പിറന്നോര്‍ക്കു ഉണ്ടാവുള്ളു :)

    പോസ്റ്റ് ബഹുരസം. വെളുപ്പിനു വേണ്ടി കേഴുന്ന വെളുപ്പു വേഴാമ്പലുകള്‍ക്കു ഞാനീ കമന്റ് സമര്‍പ്പിക്കുന്നു ;)

  42. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

    അതു ശരിയാ നന്ദകുമാര്‍, താങ്കള്‍ മാത്രമല്ല ഞാനും ഉണ്ട്‌ അക്കൂട്ടത്തില്‍ ഇത്ര രസകരമായ ഒരു പോസ്റ്റ്‌ കണ്ണില്‍ പെടാന്‍ കുട്ടമണിയുടെ ലിങ്ക്‌ വേണ്ടി വന്നു

    മീനാക്ഷീ അപ്പോള്‍ നമുക്കെല്ലാവര്‍ക്കും കോമണാണ്‌ തവിടിന്റെ കഥ :)

    ഇനിയും തുടരുക ഇതുപോലെയുള്ള കഥകള്‍