Thursday, December 14, 2006

അതൊക്കെ ഒരു കാലം

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് പറഞ്ഞ കവിയെ ഞാന്‍ ഇടയ്ക്കിടയ്ക്കോര്‍ക്കും. കാരണം മറ്റൊന്നുമല്ല, ഈയിടെയായി എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം നിറഞ്ഞ വയറുകളാണ്. കുടവയറുള്ളവര്‍ ശ്വാസം പിടിച്ച് കഷ്ടപ്പെടേണ്ട, ഞാന്‍ നിങ്ങളെയല്ല ഉദ്ദേശിച്ചത്. പറഞ്ഞു വരുന്നത് ഗര്‍ഭിണികളെക്കുറിച്ചാണ്.

കന്നിമാസം നായ്ക്കള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും വളരെ പ്രൊഡക്ടീവ് മാസമാണെന്ന് തെളിയിക്കുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ആദ്യമായി ഗര്‍ഭിണികളാകുന്നവരേയും രണ്ടാമതും മൂന്നാമതും ഗര്‍ഭിണികളാവുന്നവരേയും കൊണ്ട് ഭൂതലം നിറഞ്ഞിരിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് ഒരു ഗര്‍ഭിണി സുഹൃത്ത് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: അവള്‍ കാണുന്ന ഗൈനക്കോളജിസ്റ്റും അവരുടെ കൂടെ ജോലിചെയ്യുന്ന മറ്റ് ഗൈനക്കുകളും ഗര്‍ഭിണികളുടെ അതിപ്രസരം മൂലം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വെക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നത്രേ. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ബാംഗ്ലൂരുള്ള ഡോക്ടര്‍ സുഹൃത്തിനെ വിളിച്ചപ്പോള്‍ അവള്‍ ഒറ്റയടിക്ക് മൂന്ന് കുട്ടികളെപ്പെറ്റിട്ട്, തന്‍റെ മുറ്റത്തേയും അയല്‍വക്കത്തേയും ചെമ്പരത്തിപ്പൂവുകള്‍ ചെവിയില്‍ വച്ച് നടപ്പാണത്രേ!

ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ ഭയങ്കര സംശയമാണ്. വല്ലതും ‘ഒപ്പിച്ചി’ട്ടാണോ ഈ വിളി? സുഹൃത്തുക്കളുമായുള്ള കൂടലുകള്‍ ബോറായിത്തുടങ്ങിയിരിക്കുന്നു. സ്വന്തം ഗര്‍ഭകാലമാണ് ഏറ്റവും ഡ്രമാറ്റിക് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഗര്‍ഭിണികള്‍ പെടുന്ന പാടു കണ്ടാല്‍ ദൈവം തമ്പുരാന്‍ സഹിക്കില്ല. കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ക്ക് നിറയെ സംശയങ്ങളാണ്. അത് മനസ്സിലാക്കാം. അത് തീര്‍ത്തുകൊടുക്കാന്‍ മറ്റുള്ളവര്‍ കാണിക്കുന്ന മത്സരബുദ്ധിയാണ് തമാശ. ഓരോരുത്തരും അവരവരുടെ ഗര്‍ഭകാലാനുഭവങ്ങള്‍ വിവരിക്കുന്നത്, ഒരു ഹൊറര്‍ സിനിമയുടെ ശബ്ദരേഖ കേള്‍ക്കുന്നതു പോലെ ജൂനിയര്‍ ഗ്രൂപ്പ് കേട്ടിരിക്കും. ജൂനിയര്‍ ഗ്രൂപ്പില്‍, അവിവാഹിതര്‍, എന്നെങ്കിലും ഒരുകാലത്ത് കുട്ടികള്‍ വേണം എന്നാഗ്രഹമുള്ള പുതു വിവാഹിതര്‍, തല്ലിക്കൊന്നാലും കുട്ടികള്‍ വേണ്ട എന്നുള്ളവര്‍, കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഇവരില്‍ മൂന്നാം വിഭാഗത്തില്‍ പെടുന്നവര്‍ തങ്ങളുടെ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണിത്. ഒന്നാം വിഭാഗവും രണ്ടാം വിഭാഗവും മൂന്നാം വിഭാഗത്തില്‍ ചേരണോ എന്ന കണ്‍ഫ്യൂഷനിലും നാലാം വിഭാഗക്കാര്‍, “അയ്യോ! അപ്പോ ഇനി എന്താ ചെയ്ക!” എന്ന അവസ്ഥയിലുമാവും.

ഇപ്പോള്‍ എനിക്കു ചുറ്റുമുള്ള ഗര്‍ഭിണികളില്‍ കൂടുതലും രണ്ടാം തവണ ഗര്‍ഭിണികളാവുന്നവരാണ്. ഒന്ന് പയറ്റിത്തെളിഞ്ഞവര്‍. ഇതൊക്കെ കുറെ കണ്ടിട്ടുള്ളവര്‍. പക്ഷേ, അവരുടെ ചില നേരത്തെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും നമ്മള്‍ ബാക്കിയുള്ളവരെല്ലാരും കൂടിയാണ് ഇവര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതെന്ന്. ‘ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, ഒരു കുഞ്ഞിക്കാലുകൂടി കാണണ്ടേ’യെന്ന് മറ്റൊരു പണിയുമില്ലാത്തവര്‍ വെറുതേ ഒരു തമാശയ്ക്ക് ചോദിച്ചെന്ന് വിചാരിച്ച് അങ്ങനെ എടുത്തു ചാടണമായിരുന്നോ എന്ന് ചോദിക്കാന്‍ തോന്നും ഇവരുടെ ഡയലോഗ് കേട്ടാല്‍.

ഈ രണ്ടാം തവണക്കാരില്‍ ചിലര്‍ക്കിത് ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ്. ആദ്യ ഗര്‍ഭകാല സമയത്ത് ‘അദ്ദേഹം’ വീട്ടുകാര്യങ്ങളില്‍ ഒട്ടും സഹായിച്ചില്ല. ഇത്തവണ അങ്ങേരുടെ കട്ടയും മൂടും താന്‍ അലക്കും എന്ന ഔട്ട്ലുക്ക്. മറ്റു ചിലര്‍ക്ക് മുപ്പത് വയസ്സാണ് റ്റാര്‍ഗറ്റ്. മുപ്പതു കഴിഞ്ഞാല്‍ രക്ഷയില്ല എന്ന ചിന്ത. അതുകൊണ്ട് തട്ടിക്കൂട്ടുന്ന ഒരു ഗര്‍ഭം.

ഇക്കൂട്ടത്തിലുള്ള ഒരാളുടെ ഗര്‍ഭവാര്‍ത്ത കേട്ട് ഞങ്ങളില്‍ പലരും, ഗര്‍ഭിണികളും അല്ലാത്തവരും, ഞെട്ടി. ഇദ്ദേഹം ഉണ്ടാക്കി വിട്ട ആദ്യ സന്താനത്തിന്‍റെ കയ്യിലിരുപ്പ് കാരണം ഒരു ഫുള്‍ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് ഇട്ട് മാത്രമേ ആ വീട്ടിലേയ്ക്ക് കയറാന്‍ പറ്റൂ. അമ്മയ്ക്കോ, മകന്‍റെ വീര സാഹസങ്ങള്‍ പ്രകീര്‍ത്തിക്കാനേ നേരമുള്ളൂ.

“അയ്യോ, എടീ, ദേ മോനെ നോക്കിക്കേ, അവന്‍ മേശയുടെ മുകളില്‍ കയറുന്നു. താഴെ വീണാല്‍...”
അപ്പോള്‍ പ്രൌഡ് മം (ഒരു പൊട്ടിച്ചിരിയോടെ) ഉവാച: “അയ്യോടീ, ഇതൊന്നും ഒന്നും അല്ല. സാധാരണ അവന്‍ മേശയില്‍ കയറി, അടുത്തു കിടക്കുന്ന സോഫ, പിന്നെ കോഫി ടേബിള്‍, അങ്ങനെ ചാടിച്ചാടി പോകും.”

മറ്റൊരവസരത്തില്‍:

“അയ്യോ ദേ, മോന്‍ നമ്മുടെ അമ്മുമോളെ കടിച്ച് തൊലിയിളക്കി. ചോര പൊടിയുന്നുണ്ട്.”
അപ്പോള്‍ അമ്മുമോളുടെ അമ്മയുടെ സങ്കടവും ദേഷ്യവും കലര്‍ന്ന മുഖം അവഗണിച്ചുകൊണ്ട് മോന്‍റെ അമ്മ മൊഴിയുന്നു: “ഓ, ചെറുതായൊന്ന് പോറിയല്ലേയുള്ളൂ. ഇന്നാള്‍ ഇവന്‍ ഇവന്‍റെ അച്ഛന്‍റെ കണ്ണില്‍ അടിച്ചുകൊടുത്തത് എത്ര ദിവസം കനത്തു കിടന്നെന്നോ! ചുണ്ടില്‍ ഇടിച്ചതും ഉണങ്ങി വരുന്നേയുള്ളൂ.”

ഈശ്വരാ, പ്രൊഡക്ഷന്‍ നമ്പര്‍ 2 എങ്ങനെയാവുമോ എന്തോ!

ഇനി ഇവരുടെ പ്രസവദിന വിശേഷങ്ങളിലേയ്ക്ക് കടന്നാലോ...

ഗര്‍ഭിണി 1: “ഞാന്‍ എട്ട് മണിക്കൂര്‍ പുഷ് ചെയ്തു.”
ഗര്‍ഭിണി 2: “പക്ഷേ നീ വേദന വരാതിരിക്കാനുള്ള മരുന്ന് എടുത്തില്ലേ? ഞാനാണെങ്കിലോ, എട്ടര മണിക്കൂര്‍ പുഷ് ചെയ്തു. വേദന സഹിച്ചു. എന്നിട്ടും രക്ഷയില്ലാത്തതുകൊണ്ടാണ് സി-സെക്ഷന്‍ ചെയ്തത്.”
ഗര്‍ഭിണി 3: “എന്‍റെ കൊച്ച് വലുത് ആയിരുന്നു. അത് ഭയങ്കര ബുദ്ധി മുട്ടാണ്. അനുഭവിച്ചാലേ അറിയൂ.”

ഇങ്ങനെ പുഷ്-പുള്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ (വിശപ്പില്ലാത്ത പല ഗര്‍ഭിണികളുടെയും തീറ്റി സൊമാലിയയില്‍ നിന്ന് ഇപ്പോള്‍ ലാന്‍ഡ് ചെയ്ത പോലെയാണ്), മണപ്രശ്നം (ചിലര്‍ക്ക് ഭര്‍ത്താവിന്‍റെ മണം പിടിക്കുന്നില്ല, ചിലര്‍ക്ക് സ്വയം ഇഷ്ടപ്പെടുന്നില്ല), മറവി, ഭാരം കൂടുന്നത്, പ്രസവാനന്തരം വയറില്‍ പാടുകള്‍ വീഴുന്നത്, ഐശ്വര്യാ റായിയെക്കാണുമ്പോള്‍ പറയാന്‍ വച്ചിരിക്കുന്ന ഡയലോഗ് (“ഒന്നു പെറ്റാല്‍ നിന്‍റെ വയറും ജെല്ലോ പുഡിംഗ് പോലെ ആവുമെടീ!”) തുടങ്ങിയ കഥകള്‍ പലപ്രാവശ്യം കേട്ട് ഇപ്പോള്‍ കാണാപാഠമായിട്ടുണ്ട്.

പെണ്‍പടകള്‍ക്കിടയില്‍ ഇങ്ങനെ ബോറടിച്ചിരിക്കുമ്പോള്‍ അപ്പുറത്ത് ആണ്‍ സെറ്റ് (ഈ ബോറടിയുടെ യഥാര്‍ത്ഥ കാരണക്കാര്‍) തമാശ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് പോയി അവരുടെ ചളമടി കേട്ട്, വേണ്ടി വന്നാല്‍ അവരുടെ കൂടെയിരുന്ന് ഒരു പെഗ് (ആദ്യമായി) അടിച്ചാലും വേണ്ടില്ലെന്ന് തോന്നിപ്പോകും. (പിന്നെ ഇഞ്ചിപ്പെണ്ണ് എന്ത് വിചാരിക്കും എന്ന് കരുതി മാത്രം വേണ്ടെന്ന് വയ്ക്കും.)

ഇങ്ങനെയൊക്കെയാണെങ്കിലും ഗര്‍ഭിണികളേയും ഗര്‍ഭകാലത്തേയും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. കറികള്‍ വച്ചുണ്ടാക്കുമ്പോള്‍ ഏത് ഗര്‍ഭിണിക്കാണ് കൊടുക്കേണ്ടെന്നതെന്ന് നറുക്കിട്ടെടുക്കും. (നറുക്കു വീഴുന്നവളുടെ കാര്യം പുകയാണെങ്കിലും!)

ഇതൊക്കെ കണ്ടും കേട്ടും കഴിയുമ്പോഴാണ്, ഇവരെല്ലാരും കൂടിയിരുന്ന് താന്താങ്ങളുടെ ആദ്യ സന്താനത്തിന്‍റെ ഗുണഗണങ്ങള്‍ പുകഴ്ത്തിപ്പാടി ബോറടിപ്പിച്ചിരുന്ന ആ നല്ല കാലങ്ങള്‍ ഇങ്ങിനി വരില്ലല്ലോ എന്നോര്‍ത്ത് പോകുന്നത്.