അന്നും ഇന്നും ഏവര്‍ക്കും പരോപകാരിയായ ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം.
അക്കാലത്ത് കോപ്പിറൈറ്റിംഗ് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കോപ്പിറൈറ്റിംഗ് സിലബസ്സില്‍ ചേര്‍ത്തത് എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിച്ചു. അതുമാത്രമല്ല, പരീക്ഷ എഴുതി ഒരുകാലത്തും നേടാന്‍ കഴിയാത്ത ടീച്ചര്‍മാരുടെ വക ‘വെരി ഗുഡ്’ കോംപ്ലിമെന്‍റ് നല്ല കൈയക്ഷരത്തിലുള്ള കോപ്പിറൈറ്റിംഗിലൂടെ ഞാന്‍ നേടിയിരുന്നു. (പിന്നെ അധികം ബുദ്ധിയുപയോഗിക്കേണ്ട എന്ന മെച്ചവുമുണ്ട്.) ഇതേ ഞാന്‍ തന്നെ, കൈയക്ഷരം മോശമായതിന് ടീച്ചര്‍മാരില്‍ നിന്നും വഴക്കുകേട്ടിട്ടുമുണ്ട്. പരീക്ഷ എഴുതുമ്പോള്‍ എന്‍റെ എല്‍, ഐ, ടി. എന്നിവയെല്ലാം ഒരുപോലെയിരിക്കുന്നുവെന്ന് പറഞ്ഞ് ഇംഗ്ലീഷ് ടീച്ചര്‍ എന്‍റെ എല്ലൂരാന്‍ വരുമായിരുന്നു.
ഫസ്റ്റ് പീരിയഡ് ഹിന്ദി ആണ്. ആഴ്ചയില്‍ ഒരു ദിവസം ഹിന്ദി കോപ്പിറൈറ്റിംഗ് ഉണ്ട്. ഇല്ലെങ്കില്‍ പിന്നെ കോപ്പിറൈറ്റിംഗിനെക്കുറിച്ച് ഞാന്‍ ഇത്ര വാചാലയാവുമായിരുന്നൊ! ഫീസ് അടയ്ക്കാന്‍ ഓഫീസ് റൂമില്‍ പോയിരിക്കുന്ന ഏഴെട്ടു പേരൊഴികെ എല്ലാവരും കോപ്പിബുക്ക് റെഡിയാക്കി വച്ചു. ബഞ്ചിന്‍റെ ഏറ്റവും അറ്റത്തിരിക്കുന്ന ആളാണ് അതാത് ബഞ്ചില്‍ ഇരിക്കുന്നവരുടെ മൊത്തം കോപ്പിബുക്ക് സബ്മിറ്റ് ചെയ്യേണ്ടത്. അങ്ങനെ, കോപ്പിബുക്കെല്ലാം റെഡിയാക്കി വച്ച് ‘വെരി ഗുഡ്’ സിഗ്നേച്ചറും സ്വപ്നം കണ്ടിരുന്നപ്പോള്‍ പിറകില്‍ നിന്ന് നിഷയുടെ വക ‘അയ്യോ’ എന്ന വിളി. അവളുടെ അച്ഛന്‍ ദുബായില്‍ നിന്ന് കൊണ്ടുവന്ന ഹെയര്‍ പിന്‍ താഴെവീണതാണെന്നു കരുതി തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് ആശാത്തി പറയുന്നത്:
“ലേഖ കോപ്പി എഴുതിയിട്ടില്ല.”
‘അതിനു ഞാനെന്തു വേണം?’ എന്നു ചോദിക്കാന്‍ തോന്നിയില്ല. ലേഖ എന്‍റെ പ്രിയ കൂട്ടുകാരിയാണ് (എന്നായിരുന്നു അവളുടെ വിചാരം). ഇനി എന്തു ചെയ്യും? ലേഖ ഫീസ് അടയ്ക്കാന്‍ പോയിട്ട് വന്നിട്ടില്ല. വന്നിട്ട് കോപ്പി എഴുതി വയ്ക്കാമെന്ന് വച്ചാല്‍ അതിനു സമയവുമില്ല. ഓ... എന്തൊരു ടെന്‍ഷന്‍. ഇനി എന്താ വഴി. രണ്ടു പേജ് കോപ്പി എഴുതാനുണ്ട്. ഇന്ന് എഴുതിയില്ലെങ്കില്‍ അടുത്തതവണ നാല് പേജ് എഴുതേണ്ടി വരും, പാവത്തിന്.
അവസാനം, ത്യാഗത്തിന്‍റെയും സൌഹൃദത്തിന്‍റെയും അതിലുപരി, പരോപകാരത്തിന്‍റെയും മൂര്‍ത്തിമദ്ഭാവമായ ഞാന്‍ ലേഖയ്ക്കുവേണ്ടി രണ്ട് പേജ് എഴുതാന്‍ തീരുമാനിച്ചു. എന്‍റെ കൈയക്ഷരത്തില്‍ കൂട്ടുകാരിക്കുവേണ്ടി എഴുതിയാല്‍ ടീച്ചര്‍ കണ്ടുപിടിക്കും. മോശമായ കൈയക്ഷരത്തിലെഴുതിയാല്‍ കൂട്ടുകാരി വിഷമിക്കും. അതിനാല്‍ സര്‍വ്വ കഴിവുമെടുത്ത്, എന്നാല്‍ക്കഴിയുന്നത്ര നന്നായി എഴുതിത്തുടങ്ങി.
ഹിന്ദി പഠിപ്പിക്കുന്ന ഗീതട്ടീച്ചര്‍ ആവട്ടെ, കല്യാണം കഴിച്ച ശേഷം ആരോടോ വാശി തീര്‍ക്കാനെന്നപോലെ, നിത്യഗര്‍ഭിണിയാവാന്‍ ടെണ്ടര്‍ വിളിച്ച പോലെയാണ്. ഒരുപേജ് എഴുതിക്കഴിഞ്ഞപ്പോഴതാ ആദ്യം വയറും പിന്നെ ടീച്ചറും കടന്നുവന്നു. ടീച്ചര്‍ വന്ന്, സാരിയെടുത്ത് വയറുചുറ്റി ഒതുക്കി വച്ച്, കസേര നീക്കിയിട്ട് അതില്‍ ഇരുന്നപ്പോഴേയ്ക്കും ഞാന്‍ രണ്ടാം പേജും എഴുതി ഫുള്‍സ്റ്റോപ്പ് ഇട്ടു. (ഫുള്‍സ്റ്റോപ്പ് ഇട്ടില്ല, ദേ ഇങ്ങനെ | ഒരു വര ഇട്ടു. ഹിന്ദിയാണേ, ഹിന്ദി.)
ടീച്ചര്‍, ബഞ്ച് ക്യാപ്റ്റന്മാര്‍ (ബഞ്ചിന്‍റെ അറ്റത്തിരിക്കുന്നവര്‍) ഓരോരുത്തരോടായി ബുക്കുകളുമായി വരാന്‍ പറഞ്ഞു. ക്യാപ്റ്റനായ ഞാന്‍ എന്‍റെ ബഞ്ചിലെ ബുക്കുകളുമായി ടീച്ചറുടെ അടുത്തു പോയി. ബുക്ക് മേശപ്പുറത്ത് വച്ച്, ‘വെരി ഗുഡ്’ തരാന്‍ മറക്കേണ്ട എന്നോര്‍മിപ്പിക്കാനായി ടീച്ചറിനെ നോക്കി ഇളിച്ച് കാണിച്ച് തിരിച്ചു വന്നു.
ഇതിനിടയില്‍ ‘May I come in Miss?’ എന്ന് ചോദിച്ച് ലേഖ വന്നു. ഒട്ടും അമാന്തിക്കാതെ ചെയ്ത ഉപകാരം ഞാന്‍ അവളോടു പറഞ്ഞു. കഥ കേട്ടതും അവള്‍ വയലന്‍റ് ആയി. ടീച്ചര്‍ ക്ലാസിലുള്ളതിനാല്‍ അവള്‍ ശബ്ദം ഉയര്‍ത്തിയില്ല, തല്ലിയില്ല.
“എടോ, താന്‍ എന്താ ചെയ്തത്? എങ്ങാനും പിടിച്ചാല്‍ വീട്ടില്‍ നിന്നും അമ്മയെയും അച്ഛനെയും വേലക്കാരെയും കൊണ്ടുവരാന്‍ പറഞ്ഞാലോ?” അവള്‍ എന്നെ പേടിപ്പെടുത്തി.
“ഞാന്‍ ഇന്ന് കോപ്പിബുക്ക് കൊണ്ടുവന്നില്ല എന്ന് പറയാന്‍ പോകുകയാണ്”, അവള്‍ പറഞ്ഞു.
“നീ പേടിക്കേണ്ട, നിന്‍റെ കോപ്പിബുക്ക് ഓള്‍റെഡി ടീച്ചറിന്‍റെ മുമ്പിലായിക്കഴിഞ്ഞു”, ലേഖയെ ഒന്ന് മയപ്പെടുത്താനെന്ന വണ്ണം നിഷ പറഞ്ഞു.
എന്നെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യവുമായി ഇരിക്കുകയാണ് ലേഖ. ടീച്ചറിന്‍റെ റിയാക്ഷന്‍ കാത്ത് ഞാനും. ലേഖയുടെ ബുക്ക് നോക്കി ഒപ്പിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ടീച്ചര്‍ അടുത്ത ബുക്കിലേയ്ക്ക് പോയി. ഹൊ, എന്തൊരാശ്വാസം. ഇനി ആ ബുക്ക് ടീച്ചറിന്‍റെ മുമ്പില്‍ നിന്ന് ലേഖയുടെ കയ്യിലെത്തിയാലെ, ടെന്‍ഷന്‍ മുഴുവന്‍ തീരൂ.
പീരിയഡ് തീരുന്നതിന് ഒരു പത്ത് മിനുട്ട് മുമ്പ് അന്നേ ദിവസത്തെ പാഠം ഓരോരുത്തരെക്കൊണ്ട് വായിപ്പിക്കുന്ന ഒരു സൂക്കേട് ഗീതട്ടീച്ചര്‍ക്കുണ്ടായിരുന്നു. ഈ സമയം മറ്റുകുട്ടികളെ വീക്ഷിക്കുക, സ്വന്തം കയ്യിലെ നെയില്‍ പോളിഷ് നേരേയാണോയെന്ന് നോക്കുക, ചിലപ്പോള്‍ ഓരോ ഗോഷ്ടി കാണിച്ച് നെയില്‍ പോളിഷിനെ ചുരണ്ടിക്കളയുക, ഗര്‍ഭകാലമാണെങ്കില്‍, ‘നിനക്കൊക്കെ ഇനി എന്നാ ഈ ഭാഗ്യം ഉണ്ടാവുന്നത്’ എന്ന മട്ടില്‍ ഞങ്ങളെ നോക്കിയിട്ട്, വെറുതെ വയറു തടവുക തുടങ്ങിയവ ഗീതട്ടീച്ചറിന്‍റെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ആയിരുന്നു. എന്നാലന്നോ, ബാക്കിയുണ്ടായിരുന്ന കോപ്പി ബുക്കുകള്‍ കറക്ട് ചെയ്യാന്‍ തീരുമാനിക്കുകയാണ് ആ മഹിളാരത്നം ചെയ്തത്.
എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന രീതിയിലുള്ള എന്‍റെ ഭാവം കണ്ടിട്ടാവണം ടീച്ചര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്‍റടുത്താണോ കളി? ഓര്‍മ വച്ച നാള്‍ മുതല്‍, ക്ലാസില്‍ ടീച്ചര്‍മാര്‍ ചോദ്യം ചോദിക്കുമ്പോള്‍ പുറത്തെടുക്കാറുള്ള അതേ ട്രിക്ക് ഞാന്‍ ഒന്നുകൂടി പ്രയോഗിച്ചു. പതുക്കെ പേന താഴെയിട്ടു. എന്നിട്ട് അത് തപ്പുന്നതുപോലെ തല ബഞ്ചിനുള്ളിലേയ്ക്ക് വലിച്ച് കൈ തറയില്‍ പരതാന്‍ തുടങ്ങി. ഏകദേശം ഒരുമിനുട്ട് ഈ തപ്പല്‍ തുടര്‍ന്നു. അതുകഴിഞ്ഞ്, അന്നു പഠിപ്പിച്ച പാഠം മുഴുവന്‍ ഇപ്പോള്‍ത്തന്നെ പഠിച്ചിട്ടേ ഇനി ബാക്കിക്കാര്യമുള്ളൂ എന്ന മട്ടില്‍ പുസ്തകത്തിലേയ്ക്ക് തുറിച്ചുനോക്കി ഇരുപ്പായി.
അപ്പോള്‍ ടീച്ചറിന്‍റെ ശബ്ദമുയര്‍ന്നു: “ലേഖാ, ഇവിടെ വരൂ!”
എന്‍റമ്മേ! എന്‍റെ പ്രാണന്‍ പോയി. ലേഖയാവട്ടെ, പോണപോക്കിന് എന്‍റെ മുതുകത്തിട്ട് ഒരു പിച്ചലും പിച്ചി. നീറിയിട്ട് വയ്യ.
ഞാന്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. ടീച്ചറിനോട് എന്താണ് പറയേണ്ടത്? അച്ഛനെയും അമ്മയെയും എന്തുപറഞ്ഞ് വിളിച്ചു കൊണ്ടുവരും? അറ്റ കൈയ്ക്ക് ലോലന്‍റെ സഹായം തേടേണ്ടി വരുമോ?
ഞങ്ങളുടെ നാട്ടില്‍ ‘പള്ളിക്കൂടം അച്ഛന്‍’ എന്നറിയപ്പെടുന്ന ഒരു യുവനേതാവുണ്ടായിരുന്നു. അയാളെ, മംഗളം വായനക്കാരികളും എന്‍റെ കൂട്ടികാരികളില്‍ ചിലരും ഞാനും ലോലന്‍ എന്നാണ് വിളിച്ചിരുന്നത്. ഏതെങ്കിലും കുട്ടികളോട് അച്ഛനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞാല്‍ കുട്ടി ആരായാലും അച്ഛനാകാന്‍ നേതാവ് റെഡി. പക്ഷേ, ഇന്നുവരെ ഒരു പെണ്‍കുട്ടിയും അയാളോട് സഹായം ചോദിച്ചതായി എനിക്ക് അറിവില്ല. ആ ഭാഗ്യശാലി ഞാനാവുമോ എന്ന് ഞാന്‍ ഭയന്നുപോയി.
ടീച്ചറിന്‍റെ അടുത്ത് ഭയന്നു നില്‍ക്കുന്ന ലേഖ. ലേഖയോട് എന്തൊക്കെയോ കുശുകുശുക്കുന്ന ടീച്ചര്‍. അല്പസമയത്തിനുള്ളില്‍ ബല്ലടിച്ചു. ബുക്ക് ലേഖയുടെ കയ്യില്‍ കൊടുത്ത് ടീച്ചര്‍ സ്ഥലം കാലിയാക്കി. ഹാവൂ, രക്ഷപ്പെട്ടു.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എനിക്ക് സിപ്‍അപ്പ് വാങ്ങിത്തരണമെന്ന് ലേഖയ്ക്ക് നിര്‍ബന്ധം. എന്തെങ്കിലും സഹായം ചെയ്താല്‍ അത് തിരിച്ചു കിട്ടണമെന്ന് ആഗ്രഹമുള്ളവളല്ല ഞാന്‍. എന്തുചെയ്യാന്‍ ലേഖ അങ്ങനെയല്ല. അവള്‍ക്ക് ആരെങ്കിലും സഹായം ചെയ്താല്‍ അവള്‍ ഉടനെ എന്തെങ്കിലും തിരിച്ചു ചെയ്യും. അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി, എന്നു മാത്രം കരുതി, ഞാന്‍ ‘ഓക്കെ’ എന്നു പറഞ്ഞു.
സിപ്‍അപ്പ് നുണഞ്ഞ് ക്ലാസിലേയ്ക്ക് തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: “ടീച്ചര്‍ വിളിച്ചിട്ട് എന്താ പറഞ്ഞത്?”
പിടിക്കപ്പെടാതെ രക്ഷപ്പെട്ട സ്ഥിതിയ്ക്ക് ഇക്കാര്യം അറിയാന്‍ വലിയ ആഗ്രഹമുണ്ടായിട്ടല്ല. ഈ സംഭവത്തിന്‍റെ പുറത്ത് കഴിച്ചുകൊണ്ടിരിക്കുന്ന സിപ്‍അപ്പിന്‍റെ ആത്മാവിന് ശാന്തികിട്ടാന്‍ അതിനെപ്പറ്റി രണ്ട് ഉപചാരവാക്ക് ഉരിയാടാം എന്നേ കരുതിയുള്ളൂ.
“ഇത് ആരാ എഴുതിയത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇത് ഞാന്‍ തന്നെ എഴുതിയതാണെന്ന്.”
“താങ്ക്യൂ, ടീ. എനിക്കറിയാമായിരുന്നു, നീ എന്‍റെ പേര് പറയില്ലെന്ന്!” ഞാന്‍ കൂട്ടുകാരിയില്‍ അഭിമാനം കൊണ്ടു.
അല്പ നേരത്തെ ഇടവേളയ്ക്കു ശേഷം ലേഖ തുടര്‍ന്നു: “അപ്പോള്‍ ടീച്ചര്‍ പഴയ പുറങ്ങള്‍ മറിച്ചു നോക്കിയിട്ട്, എന്നത്തേതിനേക്കാളും നന്നായി ഇന്ന് എഴുതിയിട്ടുണ്ടല്ലോ എന്നു പറഞ്ഞു.”
“നീ സത്യം സമ്മതിച്ചില്ലല്ലോ അല്ലേ?”
“ഇല്ല. ഏഴരയ്ക്ക് കറണ്ടുകട്ട് തുടങ്ങുന്നതിനാല്‍ അതിനുമുമ്പ് എഴുതിത്തീര്‍ക്കാന്‍ വേണ്ടി സ്പീഡില്‍ എഴുതിയതുകൊണ്ട് നന്നായിപ്പോയതാവാമെന്ന് ഞാന്‍ പറഞ്ഞു.”
ലേഖ തുടര്‍ന്നു: “എന്നാല്‍ പിന്നെ, ഇനിമുതല്‍ സ്പീഡില്‍ എഴുതിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.”
ഞാന്‍ ചിരിച്ചു.
“ചിരിക്കേണ്ട മോളേ... ഇനി മുതല്‍ എന്‍റെ കോപ്പി ബുക്ക് നീ വീട്ടില്‍ കൊണ്ടു പൊക്കോ. എന്നിട്ട് എനിക്കു കൂടി നീ രണ്ടു പേജ് എല്ലാ ആഴ്ചയും എഴുതിക്കോ. അതിനാ ഇന്ന് ഈ സിപ്‍അപ്പ്...”
രണ്ട് ആങ്ങളമാരും ഓരോ മുറി പിടിച്ചടക്കിയതുകാരണം, സ്വന്തമായൊരു മുറി പോലും ഇല്ലാത്ത ഞാന്‍, അച്ഛന്‍റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് രണ്ടിനു പകരം നാലു പേജ് കോപ്പിയെഴുതുന്നതെങ്ങനെയെന്നാലോചിച്ചു. യൂറോപ്യന്‍ ക്ലോസറ്റ് കണ്ടുപിടിച്ചവനു ജയ് വിളിച്ചുകൊണ്ട്, ലേഖയുടെ കോപ്പിബുക്ക് വാങ്ങി ബാഗില്‍ വച്ചിട്ട് ഫിസിക്സ് ക്ലാസില്‍ ഉറങ്ങാതിരിക്കാനായി അല്പം വിക്സ് എടുത്ത് കണ്ണിനു ചുറ്റും പുരട്ടി ഞാന്‍ ഐവിട്ടീച്ചറിനെ കാത്തിരുന്നു.
Saturday, November 04, 2006
Subscribe to:
Post Comments (Atom)
17 comments:
എന്‍റെ അടുത്ത പോസ്റ്റ്: പരോപകാരമേ പുണ്യം.
ഹഹാഹ്ഹ..... ഇതും കൊള്ളാം. :)
ഇപ്പോ വീണയും മീനാക്ഷിയും മത്സരമായല്ലോ... ബീക്കൂന്റെ വംശം അന്യം നിന്നു പോയില്ല... :)
കൊള്ളാലൊ മീനാക്ഷി. തകര്‍പ്പന്‍ പോസ്റ്റ്.
ആദീ, അതെവിടെയാ ഈ മത്സരം. വടംവലിയാണൊ? :)
-സുല്‍
ഗര്‍ഭകാലമാണെങ്കില്‍, ‘നിനക്കൊക്കെ ഇനി എന്നാ ഈ ഭാഗ്യം ഉണ്ടാവുന്നത്’ എന്ന മട്ടില്‍ ഞങ്ങളെ നോക്കിയിട്ട്..
ഗുരുക്കന്മാരുടെ സാപം കിട്ടുംട്ടോ സാപം.
ആദിത്യന്‍: നന്ദി. മത്സരമോ? യു. എ. ഈ. ഗ്രൂപ്പും അമേരിക്കന്‍ ഗ്രൂപ്പും പോരാഞ്ഞ് ഇനി വനിതാ ഗ്രൂപ്പ് ഉണ്ടാക്കണോ! കൈപ്പള്ളിയും വര്‍മ്മസാറും ചേര്‍ന്ന് തല്ലിക്കൊല്ലല്ലേ. നമ്മള്‍ ഒരു ഗ്രൂപ്പിലുമില്ലേ:)
സുല്‍: സുല്ലേ, നന്ദി.
പെരിങ്ങോടന്‍: കരിനാക്കാണോ. അല്ലെങ്കില്‍ ഇനി ഗുരുക്കന്മാരുടെയായിട്ട് എന്തിനാ കിട്ടാതിരിക്കുന്നത്.
ഹായ് മീനാക്ഷീ,
ഇത് വളരെ ഇഷ്ടപ്പെട്ടു. മീനാക്ഷിയ്ക്ക് നല്ല ഹ്യൂമര്‍ സെന്‍സ് ഉണ്ട്.
ഈ സൈസുണ്ടെങ്കില്‍ രണ്ടു പ്ലേറ്റ് കൂടി ഇനിയും പോന്നോട്ടേ, ഒരു വിരോധോല്യാ..
ടീച്ചറിന്‍റെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ...
അസ്സാലായിയിരിക്കുന്നു... നല്ല എഴുത്ത്.
ക്ലോസെറ്റിലുരുന്ന് കോപ്പിയെഴുതിയ മറ്റാരെങ്കിലും ഈ ബൂലോഗത്തുണ്ടോ?
ഇതു മൌനാക്ഷരങ്ങളല്ലല്ലോ മത്സ്യനയനേ! ഇത്തിരിക്കൂട്ട് വെടിപ്പടക്കോം ഇല്ലേ? അപ്പൊ നിരത്തിവെച്ച് കൊടുത്തോ തീ..”ഫഠ ഫഠോ” ന്ന് പൊട്ടട്ടെ!
കൊള്ളാം
qw_er_ty
മീനാക്ഷിക്കുട്ടി ആളു കൊള്ളാല്ലൊ.:) ഓര്‍മ്മകള്‍..ഓളങ്ങള്‍..
ഞാനീ ബ്ലോഗിത്രയും കാലായിട്ട് കണ്ടില്ലല്ലൊ!രസം പിടിച്ചു പോയി:)
പത്‌മ വഴി കച്ചേരിപ്പടിക്ക് പോകുന്നതുപോലെ രേഷ്‌മവഴി ഈവഴി വന്നപ്പോള്‍ ദേ കിടക്കുന്നൂ, അടിപൊളിയക്ഷരങ്ങള്‍.
നല്ല ഹ്യൂമന്‍ സെന്‍സസ്.
രസിച്ച് വായിച്ചു. സവാരി വി.വി. ഗിരി. :)(രാവണപ്രഭു റിലീസ് പടം ഇപ്പം കണ്ട് തീര്‍ത്തു. അച്ഛന്‍ ലാലേട്ടനെ പെരുത്തിഷ്ടപ്പെട്ടു-പത്ത് സെന്റ് ഇന്നസെന്റിനെയും... മൈനാക്ഷിക്കുട്ട്യേ, പറയാനുള്ളതെല്ലാം എവിടെയെങ്കിലുമൊക്കെ പറഞ്ഞ് തീര്‍ക്കുക എന്നുള്ളത് വീക്കുകിട്ടാനുള്ള ഒരു നൊസ്സായിപ്പോയി. സ്വാറി)
ശ്ശെടാ, പതിമൂന്ന് പ്രേതം പിന്നേം പിടികൂടി. രണ്ട് ദിവസമായിട്ട് ഇടുന്ന കമന്റെല്ലാം പതിന്‍മ്മൂന്ന്. പോരാത്തതിന് ഇന്ന് വെള്ളിയാഴ്ചയും :(
വക്കാരീം രേഷ്മയും പറഞ്ഞതു കണ്ടു വന്നതാണു്. കലക്കന്‍. കറുപ്പിന്റെ പോസ്റ്റിനെക്കാളും അടിപൊളി.
ഹ!
ഇന്നു പുലിപ്പടകളുടെ തേരോട്ടം ഈ വഴിക്കാണല്ലോ!
വയറുള്ളോര് സൂക്ഷിച്ചോട്ടെ,
വയര്‍ലെസ്സുകാരും സൂക്ഷിച്ചോട്ടെ!
അതുകൊണ്ടല്ലേ വിശ്വേട്ടാ, ആദ്യ കൊയിറാളാ മീറ്റിന് ഞങ്ങള്‍ ആഞ്ഞാഞനൌണ്‍സ് ചെയ്തത്:
“മതിലിന് മുകളിലിരിക്കുന്നവര്‍ കാലാട്ടരുത്, വയറിളകും“
Post a Comment