“ഹലോ അമ്മേ ഞാനിന്ന് ബോളിയുണ്ടാക്കി!”
അങ്ങേത്തലയ്ക്കല്‍ നിന്നും അമ്മയുടെ മറുപടി ഉടനെയുണ്ടായി: “നീ ഇങ്ങനെ ഓരോ മധുരപലഹാരവുമുണ്ടാക്കി നടന്നോ, മനുഷ്യനിവിടെ ഷുഗറിന്‍റെ മരുന്നു കഴിച്ചു തുടങ്ങി. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.”
എന്‍റെ അമ്മ എന്നും ഇങ്ങനെ ആയിരുന്നു. അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, മടിയിലിരുത്തി കൊഞ്ചിക്കുക, മോളേ മക്കളേ എന്നിങ്ങനെ വിളിക്കുക, ഇതൊന്നും അമ്മയ്ക്കു പറ്റിയ കാര്യങ്ങളായിരുന്നില്ല.
അമ്മയുടെ ചില നേരത്തുള്ള ആക്ഷേപഹാസ്യം മരുമക്കള്‍ക്കെന്നല്ല, മക്കള്‍ക്കുപോലും ദഹിക്കില്ല. ഒരു അമ്മായിയമ്മ ഇല്ലാതെ ജീവിച്ചതിന്‍റെ എല്ലാ പോരായ്മകളും അമ്മയ്ക്കുണ്ട്. നാത്തൂന്മാരെല്ലാം നേരത്തേ കെട്ടിപ്പോയതുകൊണ്ട് അച്ഛന്‍റെ വീട്ടില്‍ അമ്മയ്ക്ക് നാത്തൂന്‍പോരും നേരിടേണ്ടി വന്നിട്ടില്ല. നാത്തൂന്മാരെ കുറ്റം പറയാന്‍ പറ്റില്ല, പ്രസവമൊഴിഞ്ഞിട്ട് അവര്‍ക്ക് അമ്മയോട് അടി വയ്ക്കാന്‍ സമയം കിട്ടിയില്ല എന്നു പറയുന്നതാവും ശരി.
അപ്പൂപ്പനുമമ്മൂമ്മയ്ക്കും വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷം, പ്രായമേറെയായപ്പോള്‍, ഉണ്ടായ സന്താനമായിരുന്നു എന്‍റെ അമ്മ. അമ്മയുടെ ബാല്യത്തില്‍ത്തന്നെ അമ്മൂമ്മ കിടപ്പിലാവുകയും അധികം താമസിയാതെ മരിക്കുകയും അമ്മയുടെ സ്കൂള്‍ ജീവിതം അവസാനിക്കുകയും ചെയ്തു. വളരെ ചെറുപ്പത്തിലേ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാലാവാം അമ്മയ്ക്ക് കൊഞ്ചലുകളിലൊന്നും വിശ്വാസമില്ലാത്തത്. അപ്പൂപ്പനാവട്ടെ, ഒരുപാട് സ്വത്തുക്കളുണ്ടായിരുന്ന ഒരു അറുപിശുക്കനായിരുന്നു.
അപ്പൂപ്പന്‍റെ പിശുക്കു കഥകള്‍ അച്ഛന്‍ പറയുമ്പോള്‍ അമ്മ ചിലപ്പോള്‍ ചിരിക്കുകയും ചിലപ്പോള്‍ വയലന്‍റ് ആവുകയും ചെയ്യും. എന്നിട്ട് ഒപ്പമൊരു ഡയലോഗും കാച്ചും: “എന്‍റെ അച്ഛന്‍ അന്ന് പിശുക്കിയതുകൊണ്ടാ നമ്മളിപ്പോള്‍ ഇങ്ങനെ ജീവിക്കുന്നത്.”
കാര്യം സത്യമായതുകൊണ്ട് അച്ഛനും ഞങ്ങള്‍ മക്കളും അവാര്‍ഡ് പടം കണ്ടതുപോലെ ഇരിക്കും.
ഗവണ്മന്‍റ് പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും, പി. എസ്. സി. ടെസ്റ്റുകള്‍ക്കും മറ്റും പട്ടണത്തില്‍ വരുന്ന ബന്ധുക്കളും സ്വന്തക്കാരുമായി വീട്ടില്‍ എപ്പോഴും ആരെങ്കിലുമൊക്കെയുണ്ടാവും. ഇവര്‍ക്കൊക്കെ സമയാസമയം ആഹാരമുണ്ടാക്കി, അനുഗ്രഹിച്ചയയ്ക്കുകയാണ് അമ്മയുടെ പണികളിലൊന്ന്. രാവിലെ എഴുനേല്‍ക്കുന്നതു മുതല്‍ അമ്മ അടുക്കളയിലായിരിക്കും. സ്കൂളില്‍ നിന്നും വരുമ്പോഴും അമ്മ അടുക്കളയിലായിരിക്കും. രാത്രി ഉറങ്ങാന്‍ പോകുമ്പോഴും അമ്മ അതടുക്കി ഇതടുക്കി അടുക്കളയില്‍ത്തന്നെ. എന്തിനാ ഇങ്ങനെ അടുക്കളയില്‍ കഴിയുന്നതെന്നു ചോദിച്ചാല്‍ ‘ഇങ്ങനെ ദേഹമനങ്ങി നടക്കുന്നതുകൊണ്ടാ ഈ പ്രായത്തിലും എഴുന്നേറ്റു നടക്കുന്നത്’ എന്നു പറയും. ഇനി സഹായിക്കാനെങ്ങാനും പോയാലോ ‘അതു ശരിയായില്ല, ഇതു ശരിയായില്ല’ എന്നു പറയുമ്പോള്‍ നമുക്കു ചൊറിഞ്ഞു വരികയും ചെയ്യും.
അടുക്കളയിലുള്ള ജോലിയൊതുക്കി, മംഗളമോ, മനോരാജ്യമോ, മനോരമയോ, ഇതൊന്നും കിട്ടിയില്ലെങ്കില്‍ എന്‍റെ പൂമ്പാറ്റയോ ബാലരമയോ എടുത്ത്, ചേട്ടന്മാര്‍ പഠിക്കുന്നുണ്ടോ എന്നു നോക്കി അവരുടെ അടുത്തുത്തേയ്ക്ക് പോകും. അപ്പോഴേയ്ക്കും അവര്‍ ശബ്ദമില്ലാതെ ഓണ്‍ ചെയ്തു വച്ചിരുന്ന ടി. വി. ഓഫ് ചെയ്ത് ബുക്കും പിടിച്ച് ഇരിക്കുന്നുണ്ടാവും.
അടുക്കളയില്‍ അമ്മയ്ക്ക് ഒരു അസിസ്റ്റന്‍റുണ്ട്. വര്‍ഷങ്ങളായി അമ്മയുടെ ‘അടുക്കളക്കാരി’യായ അവര്‍ക്ക് അമ്മയെക്കൊണ്ട് ജോലിയെടുപ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്. അവര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള ഭക്ഷണമുണ്ടാക്കുന്നത് അമ്മയാണ്. രണ്ടു പേരേയും പിണക്കാതിരിക്കാന്‍ രണ്ടു മീങ്കാരികളില്‍ നിന്നും വാങ്ങി കറിവച്ച് നല്ലൊരു പങ്ക് അസിസ്റ്റന്‍റിന് കൊടുത്തു വിടും. ചുരുക്കിപ്പറഞ്ഞാല്‍ അടുക്കളക്കാരിയുടെ കുടിയന്‍ ഭര്‍ത്താവിന് തൊട്ടുകൂട്ടാന്‍ ദിവസവും മീങ്കറിയുണ്ടാവും.
പ്രോഗ്രസ് കാര്‍ഡ് കിട്ടുന്ന ദിവസം ഞാന്‍ അമ്മയുടെ അടുത്തു തന്നെ ഇരിക്കും. ഇത്തവണത്തേയ്ക്ക് ക്ഷമിക്കണമെന്നും, അടുത്ത തവണ മാര്‍ക്കുകള്‍ മറ്റാര്‍ക്കും കൊടുക്കാതെ ഞാന്‍ തന്നെ എല്ലാം പെറുക്കിക്കെട്ടി കൊണ്ടുവരാം എന്നുമൊക്കെ പറഞ്ഞ് അമ്മ വഴി അച്ഛനെ സോപ്പിടാന്‍ നോക്കും. സൈന്‍ ചെയ്യുന്നതും അച്ഛന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് എടുത്ത് എറിയുന്നതും ഇംഗ്ലീഷില്‍ എന്തൊക്കെയോ പറഞ്ഞ് പൊട്ടിത്തെറിക്കുന്നതും എല്ലാം വളരെ പെട്ടെന്നാണ്. ദേഷ്യം വന്നാല്‍ അച്ഛന്‍ ഇംഗ്ലീഷിലേ കടുകു വറുക്കൂ. ഇംഗ്ലീഷാണെങ്കിലും വലിയ പ്രശ്നമുള്ള വാക്കുകളൊന്നുമല്ല. ജോസ് പ്രകാശിന്‍റെയും എം. എന്‍. നമ്പ്യാരുടെയും സിനിമ കണ്ടു വളര്‍ന്നതിനാലാവാം, നിരുപദ്രവമായ വാക്കുകള്‍. ഇപ്പോള്‍ ആ വാക്കുകള്‍ ചീത്ത വാക്കുകളായി വിക്കിപ്പീഡിയ പോലും കരുതുന്നുണ്ടാവില്ല.
അമ്മയേയും അച്ഛനേയും അറിയാനും മനസ്സിലാക്കാനും ശ്രമിച്ചു തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. പണ്ട് ദേഷ്യം വരുമ്പോള്‍ അമ്മ പറയുമായിരുന്നു: “നിനക്ക് ഇപ്പോള്‍ ഞാന്‍ പറയുന്നത് മനസ്സിലാവില്ല. നിനക്കൊരു കുഞ്ഞുണ്ടാവുമ്പോള്‍ നീയത് മനസ്സിലാക്കും.”
‘ഇത് എല്ലാ അമ്മമാരും പറയുന്നതല്ലേ, ഏതായാലും അമ്മയേക്കാള്‍ നല്ല അമ്മയാവാന്‍ ഞാന്‍ ശ്രമിക്കും’ എന്നു ഞാന്‍ മനസ്സില്‍ കരുതും. (നേരിട്ട് പറഞ്ഞില്ല; തര്‍ക്കുത്തരം പറയാന്‍ പഠിച്ചത് കല്യാണശേഷമാണല്ലോ.) ഇപ്പോഴാലോചിക്കുമ്പോള്‍ അമ്മ എന്നോട് കാണിച്ച ക്ഷമയും മറ്റും എനിക്ക് എന്‍റെ കുഞ്ഞിനോട് കാണിക്കാനാവുന്നുണ്ടോ എന്നു സംശയം.
സ്വന്തം അമ്മയെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളെ വേണ്ട പോലെ കൊഞ്ചിച്ചില്ല എന്നതാണ് ആ അമ്മയുടെ ഏക തെറ്റ്. ആ അമ്മയെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സാധു സ്ത്രീ. സ്വന്തം മകളുടെ മുമ്പില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പോലും ഭയക്കുന്ന അമ്മ. തനിക്കുണ്ടായ ഏക സന്താനത്തിന് ഭര്‍ത്താവിന്‍റെ മുന്‍കാമുകിയുടെ പേരിട്ട് വിളിക്കേണ്ടി വന്ന സ്ത്രീ. സ്വന്തം കുട്ടിയെ ഓരോ പ്രാവശ്യം പേരെടുത്തുവിളിക്കുമ്പോഴും, ഭര്‍തൃകാമുകിയെ ഓര്‍ക്കേണ്ടി വരുന്നത് എത്ര വേദനാജനകമായിരിക്കും. എന്നാല്‍ ആ സങ്കടമൊന്നും തന്നോട് അമ്മ കാട്ടിയതായി കൂട്ടുകാരിക്ക് പരാതിയില്ല. അമ്മയോട് മതിപ്പോ സ്നേഹമോ കാട്ടാറില്ലെങ്കിലും സ്വന്തം പ്രസവ ശുശ്രൂഷയ്ക്ക് അവര്‍ തന്നെയായിരുന്നു ആശ്രയം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അച്ഛനോ അമ്മയോ ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നാത്തവര്‍ ചുരുക്കം. എന്നാലും അമ്മയോടു പൊറുക്കാത്തവര്‍ ഇതുപോലെ അധികമുണ്ടാവില്ല.
(കൂട്ടുകാരി ആണ് ഈ കുറിപ്പ് എഴുതിയത് എങ്കില്‍ അവള്‍ ‘തള്ളേ കലിപ്പുകള് തീരണില്ലല്ല്’ എന്ന തലവാചകം കൊടുക്കുമായിരുന്നേനെ.)
അമ്മ പല പ്രതിസന്ധികളിലും കാണിച്ച ആത്മധൈര്യം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കൊച്ചേട്ടന്‍ പറയും, അമ്മ ആദ്യമായി കരഞ്ഞുകണ്ടത് ഞാന്‍ കല്യാണം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേയ്ക്ക് പോയപ്പോഴാണെന്ന്. അപ്രതീക്ഷിതമായി അച്ഛന് രണ്ടു ദിവസം ആശുപത്രിയില്‍ കിടക്കേണ്ടി വന്നപ്പോള്‍, മുതിര്‍ന്നവരായ മക്കള്‍ക്ക് ധൈര്യം പകര്‍ന്നത് അമ്മയാണ്. മറ്റൊരവസരത്തില്‍, ചെറിയൊരു സര്‍ജറിയ്ക്കായി അമ്മ ആശുപത്രിയിലായപ്പോഴാകട്ടെ, മക്കള്‍ അച്ഛനെ ആശ്വസിപ്പിക്കുമോ അതോ അച്ഛന്‍ മക്കളെ ആശ്വസിപ്പിക്കുമോ എന്ന അവസ്ഥയിലായിത്തീര്‍ന്നിരുന്നു, ഞങ്ങള്‍.
അച്ഛനും അമ്മയും തമ്മില്‍ ഗാഢമായ ഒരാത്മ ബന്ധമുണ്ട്. അച്ഛന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്നും കാശടിച്ചുമാറ്റുന്ന അമ്മയെ എനിക്കിഷ്ടമാണ്. അതിന്‍റെ പേരില്‍ രണ്ടുപേരും വഴക്കുകൂടുന്നത് അതിലേറെയിഷ്ടം. അച്ഛന്‍റെ മുന്‍കോപം അറിഞ്ഞു പെരുമാറാന്‍ അമ്മയ്ക്ക് നന്നായറിയാം.
അച്ഛനുമ്മയും ആഗ്രഹിച്ചതുപോലെ എഞ്ചിനീയറാവാനോ പി. എഛ്. ഡി. എടുക്കാനോ ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കുമായില്ലെങ്കിലും അവര്‍ക്കു വിഷമമുണ്ടാക്കാത്ത വിധത്തില്‍ നല്ല നിലയില്‍ ജീവിക്കാന്‍ നമുക്കു കഴിയുന്നുണ്ട്. പഠിക്കുന്ന കാലത്ത്, അവര്‍ ആഗ്രഹിച്ചതുപോലെ പഠിച്ചില്ല എന്നല്ലാതെ, മറ്റൊരു തരത്തിലും ഞങ്ങളെക്കൊണ്ട് അച്ഛനുമമ്മയും വിഷമിച്ചിട്ടില്ല. ഇനി വിഷമിച്ചിട്ടുണ്ടോ? ഇല്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം. അറിഞ്ഞോ അറിയാതെയോ അവരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ എപ്പൊഴേ ക്ഷമിച്ചു കാണും. സ്നേഹം പ്രകടിപ്പിക്കാനും അവര്‍ മിടുക്കരായിരിക്കുന്നു: ഞങ്ങള്‍ക്കു പിശുക്കിയ അവരുടെ കൊഞ്ചലുകളും സമ്മാനപ്പൊതികളും അവരുടെ കൊച്ചുമക്കള്‍ ആവോളം ആസ്വദിക്കുന്നുണ്ട്.
അവരെയോര്‍ക്കാന്‍ നമുക്കൊരു മദേഴ്സ് ഡേയോ ഫാദേഴ്സ് ഡേയോ ആവശ്യമുണ്ടോ? എന്നാലും കിടക്കട്ടെ ഒരു മദേഴ്സ് ഡേ പോസ്റ്റ്. മക്കളും മരുമക്കളും ചെറുമക്കളോടുമൊത്ത് ആരോഗ്യത്തോടും ദീര്‍ഘായുസ്സോടും കൂടി അച്ഛനും അമ്മയും ഉണ്ടാവണമെന്ന് മാത്രമേ പ്രാര്‍ത്ഥനയുള്ളൂ.
Saturday, May 12, 2007
Sunday, March 04, 2007
Yahoo, you are already due!
Yahoo India plagiarized contents from a couple of blogs when they launched their Malayalam portal and to my continued disbelief Yahoo hasn't accepted responsibility for the blatant stealing. While protesting against this and joining hundreds of bloggers in this march against such copyright violation, may I ask how Yahoo would feel if I copied content from one of their pages such as this.
അല്ല, ഇതിനൊക്കെ ആരു സമാധാനം പറയുമെന്നാ? എന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. (യാഹൂ, മുകളിലെ ചോദ്യത്തിനുള്ള മറുപടി ഒരു കമന്‍റായി ഇട്ടാല്‍ മതി, കേട്ടോ.)
(It is rather accurately accused that I have managed to include pregnancy in some form in all the three of my posts so far.)

Thursday, December 14, 2006
അതൊക്കെ ഒരു കാലം
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് പറഞ്ഞ കവിയെ ഞാന്‍ ഇടയ്ക്കിടയ്ക്കോര്‍ക്കും. കാരണം മറ്റൊന്നുമല്ല, ഈയിടെയായി എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം നിറഞ്ഞ വയറുകളാണ്. കുടവയറുള്ളവര്‍ ശ്വാസം പിടിച്ച് കഷ്ടപ്പെടേണ്ട, ഞാന്‍ നിങ്ങളെയല്ല ഉദ്ദേശിച്ചത്. പറഞ്ഞു വരുന്നത് ഗര്‍ഭിണികളെക്കുറിച്ചാണ്.
കന്നിമാസം നായ്ക്കള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും വളരെ പ്രൊഡക്ടീവ് മാസമാണെന്ന് തെളിയിക്കുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ആദ്യമായി ഗര്‍ഭിണികളാകുന്നവരേയും രണ്ടാമതും മൂന്നാമതും ഗര്‍ഭിണികളാവുന്നവരേയും കൊണ്ട് ഭൂതലം നിറഞ്ഞിരിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് ഒരു ഗര്‍ഭിണി സുഹൃത്ത് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: അവള്‍ കാണുന്ന ഗൈനക്കോളജിസ്റ്റും അവരുടെ കൂടെ ജോലിചെയ്യുന്ന മറ്റ് ഗൈനക്കുകളും ഗര്‍ഭിണികളുടെ അതിപ്രസരം മൂലം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വെക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നത്രേ. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ബാംഗ്ലൂരുള്ള ഡോക്ടര്‍ സുഹൃത്തിനെ വിളിച്ചപ്പോള്‍ അവള്‍ ഒറ്റയടിക്ക് മൂന്ന് കുട്ടികളെപ്പെറ്റിട്ട്, തന്‍റെ മുറ്റത്തേയും അയല്‍വക്കത്തേയും ചെമ്പരത്തിപ്പൂവുകള്‍ ചെവിയില്‍ വച്ച് നടപ്പാണത്രേ!
ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ ഭയങ്കര സംശയമാണ്. വല്ലതും ‘ഒപ്പിച്ചി’ട്ടാണോ ഈ വിളി? സുഹൃത്തുക്കളുമായുള്ള കൂടലുകള്‍ ബോറായിത്തുടങ്ങിയിരിക്കുന്നു. സ്വന്തം ഗര്‍ഭകാലമാണ് ഏറ്റവും ഡ്രമാറ്റിക് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഗര്‍ഭിണികള്‍ പെടുന്ന പാടു കണ്ടാല്‍ ദൈവം തമ്പുരാന്‍ സഹിക്കില്ല. കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ക്ക് നിറയെ സംശയങ്ങളാണ്. അത് മനസ്സിലാക്കാം. അത് തീര്‍ത്തുകൊടുക്കാന്‍ മറ്റുള്ളവര്‍ കാണിക്കുന്ന മത്സരബുദ്ധിയാണ് തമാശ. ഓരോരുത്തരും അവരവരുടെ ഗര്‍ഭകാലാനുഭവങ്ങള്‍ വിവരിക്കുന്നത്, ഒരു ഹൊറര്‍ സിനിമയുടെ ശബ്ദരേഖ കേള്‍ക്കുന്നതു പോലെ ജൂനിയര്‍ ഗ്രൂപ്പ് കേട്ടിരിക്കും. ജൂനിയര്‍ ഗ്രൂപ്പില്‍, അവിവാഹിതര്‍, എന്നെങ്കിലും ഒരുകാലത്ത് കുട്ടികള്‍ വേണം എന്നാഗ്രഹമുള്ള പുതു വിവാഹിതര്‍, തല്ലിക്കൊന്നാലും കുട്ടികള്‍ വേണ്ട എന്നുള്ളവര്‍, കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഇവരില്‍ മൂന്നാം വിഭാഗത്തില്‍ പെടുന്നവര്‍ തങ്ങളുടെ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണിത്. ഒന്നാം വിഭാഗവും രണ്ടാം വിഭാഗവും മൂന്നാം വിഭാഗത്തില്‍ ചേരണോ എന്ന കണ്‍ഫ്യൂഷനിലും നാലാം വിഭാഗക്കാര്‍, “അയ്യോ! അപ്പോ ഇനി എന്താ ചെയ്ക!” എന്ന അവസ്ഥയിലുമാവും.
ഇപ്പോള്‍ എനിക്കു ചുറ്റുമുള്ള ഗര്‍ഭിണികളില്‍ കൂടുതലും രണ്ടാം തവണ ഗര്‍ഭിണികളാവുന്നവരാണ്. ഒന്ന് പയറ്റിത്തെളിഞ്ഞവര്‍. ഇതൊക്കെ കുറെ കണ്ടിട്ടുള്ളവര്‍. പക്ഷേ, അവരുടെ ചില നേരത്തെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും നമ്മള്‍ ബാക്കിയുള്ളവരെല്ലാരും കൂടിയാണ് ഇവര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതെന്ന്. ‘ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, ഒരു കുഞ്ഞിക്കാലുകൂടി കാണണ്ടേ’യെന്ന് മറ്റൊരു പണിയുമില്ലാത്തവര്‍ വെറുതേ ഒരു തമാശയ്ക്ക് ചോദിച്ചെന്ന് വിചാരിച്ച് അങ്ങനെ എടുത്തു ചാടണമായിരുന്നോ എന്ന് ചോദിക്കാന്‍ തോന്നും ഇവരുടെ ഡയലോഗ് കേട്ടാല്‍.
ഈ രണ്ടാം തവണക്കാരില്‍ ചിലര്‍ക്കിത് ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ്. ആദ്യ ഗര്‍ഭകാല സമയത്ത് ‘അദ്ദേഹം’ വീട്ടുകാര്യങ്ങളില്‍ ഒട്ടും സഹായിച്ചില്ല. ഇത്തവണ അങ്ങേരുടെ കട്ടയും മൂടും താന്‍ അലക്കും എന്ന ഔട്ട്ലുക്ക്. മറ്റു ചിലര്‍ക്ക് മുപ്പത് വയസ്സാണ് റ്റാര്‍ഗറ്റ്. മുപ്പതു കഴിഞ്ഞാല്‍ രക്ഷയില്ല എന്ന ചിന്ത. അതുകൊണ്ട് തട്ടിക്കൂട്ടുന്ന ഒരു ഗര്‍ഭം.
ഇക്കൂട്ടത്തിലുള്ള ഒരാളുടെ ഗര്‍ഭവാര്‍ത്ത കേട്ട് ഞങ്ങളില്‍ പലരും, ഗര്‍ഭിണികളും അല്ലാത്തവരും, ഞെട്ടി. ഇദ്ദേഹം ഉണ്ടാക്കി വിട്ട ആദ്യ സന്താനത്തിന്‍റെ കയ്യിലിരുപ്പ് കാരണം ഒരു ഫുള്‍ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് ഇട്ട് മാത്രമേ ആ വീട്ടിലേയ്ക്ക് കയറാന്‍ പറ്റൂ. അമ്മയ്ക്കോ, മകന്‍റെ വീര സാഹസങ്ങള്‍ പ്രകീര്‍ത്തിക്കാനേ നേരമുള്ളൂ.
“അയ്യോ, എടീ, ദേ മോനെ നോക്കിക്കേ, അവന്‍ മേശയുടെ മുകളില്‍ കയറുന്നു. താഴെ വീണാല്‍...”
അപ്പോള്‍ പ്രൌഡ് മം (ഒരു പൊട്ടിച്ചിരിയോടെ) ഉവാച: “അയ്യോടീ, ഇതൊന്നും ഒന്നും അല്ല. സാധാരണ അവന്‍ മേശയില്‍ കയറി, അടുത്തു കിടക്കുന്ന സോഫ, പിന്നെ കോഫി ടേബിള്‍, അങ്ങനെ ചാടിച്ചാടി പോകും.”
മറ്റൊരവസരത്തില്‍:
“അയ്യോ ദേ, മോന്‍ നമ്മുടെ അമ്മുമോളെ കടിച്ച് തൊലിയിളക്കി. ചോര പൊടിയുന്നുണ്ട്.”
അപ്പോള്‍ അമ്മുമോളുടെ അമ്മയുടെ സങ്കടവും ദേഷ്യവും കലര്‍ന്ന മുഖം അവഗണിച്ചുകൊണ്ട് മോന്‍റെ അമ്മ മൊഴിയുന്നു: “ഓ, ചെറുതായൊന്ന് പോറിയല്ലേയുള്ളൂ. ഇന്നാള്‍ ഇവന്‍ ഇവന്‍റെ അച്ഛന്‍റെ കണ്ണില്‍ അടിച്ചുകൊടുത്തത് എത്ര ദിവസം കനത്തു കിടന്നെന്നോ! ചുണ്ടില്‍ ഇടിച്ചതും ഉണങ്ങി വരുന്നേയുള്ളൂ.”
ഈശ്വരാ, പ്രൊഡക്ഷന്‍ നമ്പര്‍ 2 എങ്ങനെയാവുമോ എന്തോ!
ഇനി ഇവരുടെ പ്രസവദിന വിശേഷങ്ങളിലേയ്ക്ക് കടന്നാലോ...
ഗര്‍ഭിണി 1: “ഞാന്‍ എട്ട് മണിക്കൂര്‍ പുഷ് ചെയ്തു.”
ഗര്‍ഭിണി 2: “പക്ഷേ നീ വേദന വരാതിരിക്കാനുള്ള മരുന്ന് എടുത്തില്ലേ? ഞാനാണെങ്കിലോ, എട്ടര മണിക്കൂര്‍ പുഷ് ചെയ്തു. വേദന സഹിച്ചു. എന്നിട്ടും രക്ഷയില്ലാത്തതുകൊണ്ടാണ് സി-സെക്ഷന്‍ ചെയ്തത്.”
ഗര്‍ഭിണി 3: “എന്‍റെ കൊച്ച് വലുത് ആയിരുന്നു. അത് ഭയങ്കര ബുദ്ധി മുട്ടാണ്. അനുഭവിച്ചാലേ അറിയൂ.”
ഇങ്ങനെ പുഷ്-പുള്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ (വിശപ്പില്ലാത്ത പല ഗര്‍ഭിണികളുടെയും തീറ്റി സൊമാലിയയില്‍ നിന്ന് ഇപ്പോള്‍ ലാന്‍ഡ് ചെയ്ത പോലെയാണ്), മണപ്രശ്നം (ചിലര്‍ക്ക് ഭര്‍ത്താവിന്‍റെ മണം പിടിക്കുന്നില്ല, ചിലര്‍ക്ക് സ്വയം ഇഷ്ടപ്പെടുന്നില്ല), മറവി, ഭാരം കൂടുന്നത്, പ്രസവാനന്തരം വയറില്‍ പാടുകള്‍ വീഴുന്നത്, ഐശ്വര്യാ റായിയെക്കാണുമ്പോള്‍ പറയാന്‍ വച്ചിരിക്കുന്ന ഡയലോഗ് (“ഒന്നു പെറ്റാല്‍ നിന്‍റെ വയറും ജെല്ലോ പുഡിംഗ് പോലെ ആവുമെടീ!”) തുടങ്ങിയ കഥകള്‍ പലപ്രാവശ്യം കേട്ട് ഇപ്പോള്‍ കാണാപാഠമായിട്ടുണ്ട്.
പെണ്‍പടകള്‍ക്കിടയില്‍ ഇങ്ങനെ ബോറടിച്ചിരിക്കുമ്പോള്‍ അപ്പുറത്ത് ആണ്‍ സെറ്റ് (ഈ ബോറടിയുടെ യഥാര്‍ത്ഥ കാരണക്കാര്‍) തമാശ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് പോയി അവരുടെ ചളമടി കേട്ട്, വേണ്ടി വന്നാല്‍ അവരുടെ കൂടെയിരുന്ന് ഒരു പെഗ് (ആദ്യമായി) അടിച്ചാലും വേണ്ടില്ലെന്ന് തോന്നിപ്പോകും. (പിന്നെ ഇഞ്ചിപ്പെണ്ണ് എന്ത് വിചാരിക്കും എന്ന് കരുതി മാത്രം വേണ്ടെന്ന് വയ്ക്കും.)
ഇങ്ങനെയൊക്കെയാണെങ്കിലും ഗര്‍ഭിണികളേയും ഗര്‍ഭകാലത്തേയും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. കറികള്‍ വച്ചുണ്ടാക്കുമ്പോള്‍ ഏത് ഗര്‍ഭിണിക്കാണ് കൊടുക്കേണ്ടെന്നതെന്ന് നറുക്കിട്ടെടുക്കും. (നറുക്കു വീഴുന്നവളുടെ കാര്യം പുകയാണെങ്കിലും!)
ഇതൊക്കെ കണ്ടും കേട്ടും കഴിയുമ്പോഴാണ്, ഇവരെല്ലാരും കൂടിയിരുന്ന് താന്താങ്ങളുടെ ആദ്യ സന്താനത്തിന്‍റെ ഗുണഗണങ്ങള്‍ പുകഴ്ത്തിപ്പാടി ബോറടിപ്പിച്ചിരുന്ന ആ നല്ല കാലങ്ങള്‍ ഇങ്ങിനി വരില്ലല്ലോ എന്നോര്‍ത്ത് പോകുന്നത്.

Saturday, November 04, 2006
പരോപകാരമേ പുണ്യം
അന്നും ഇന്നും ഏവര്‍ക്കും പരോപകാരിയായ ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം.
അക്കാലത്ത് കോപ്പിറൈറ്റിംഗ് ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന കോപ്പിറൈറ്റിംഗ് സിലബസ്സില്‍ ചേര്‍ത്തത് എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിച്ചു. അതുമാത്രമല്ല, പരീക്ഷ എഴുതി ഒരുകാലത്തും നേടാന്‍ കഴിയാത്ത ടീച്ചര്‍മാരുടെ വക ‘വെരി ഗുഡ്’ കോംപ്ലിമെന്‍റ് നല്ല കൈയക്ഷരത്തിലുള്ള കോപ്പിറൈറ്റിംഗിലൂടെ ഞാന്‍ നേടിയിരുന്നു. (പിന്നെ അധികം ബുദ്ധിയുപയോഗിക്കേണ്ട എന്ന മെച്ചവുമുണ്ട്.) ഇതേ ഞാന്‍ തന്നെ, കൈയക്ഷരം മോശമായതിന് ടീച്ചര്‍മാരില്‍ നിന്നും വഴക്കുകേട്ടിട്ടുമുണ്ട്. പരീക്ഷ എഴുതുമ്പോള്‍ എന്‍റെ എല്‍, ഐ, ടി. എന്നിവയെല്ലാം ഒരുപോലെയിരിക്കുന്നുവെന്ന് പറഞ്ഞ് ഇംഗ്ലീഷ് ടീച്ചര്‍ എന്‍റെ എല്ലൂരാന്‍ വരുമായിരുന്നു.
ഫസ്റ്റ് പീരിയഡ് ഹിന്ദി ആണ്. ആഴ്ചയില്‍ ഒരു ദിവസം ഹിന്ദി കോപ്പിറൈറ്റിംഗ് ഉണ്ട്. ഇല്ലെങ്കില്‍ പിന്നെ കോപ്പിറൈറ്റിംഗിനെക്കുറിച്ച് ഞാന്‍ ഇത്ര വാചാലയാവുമായിരുന്നൊ! ഫീസ് അടയ്ക്കാന്‍ ഓഫീസ് റൂമില്‍ പോയിരിക്കുന്ന ഏഴെട്ടു പേരൊഴികെ എല്ലാവരും കോപ്പിബുക്ക് റെഡിയാക്കി വച്ചു. ബഞ്ചിന്‍റെ ഏറ്റവും അറ്റത്തിരിക്കുന്ന ആളാണ് അതാത് ബഞ്ചില്‍ ഇരിക്കുന്നവരുടെ മൊത്തം കോപ്പിബുക്ക് സബ്മിറ്റ് ചെയ്യേണ്ടത്. അങ്ങനെ, കോപ്പിബുക്കെല്ലാം റെഡിയാക്കി വച്ച് ‘വെരി ഗുഡ്’ സിഗ്നേച്ചറും സ്വപ്നം കണ്ടിരുന്നപ്പോള്‍ പിറകില്‍ നിന്ന് നിഷയുടെ വക ‘അയ്യോ’ എന്ന വിളി. അവളുടെ അച്ഛന്‍ ദുബായില്‍ നിന്ന് കൊണ്ടുവന്ന ഹെയര്‍ പിന്‍ താഴെവീണതാണെന്നു കരുതി തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് ആശാത്തി പറയുന്നത്:
“ലേഖ കോപ്പി എഴുതിയിട്ടില്ല.”
‘അതിനു ഞാനെന്തു വേണം?’ എന്നു ചോദിക്കാന്‍ തോന്നിയില്ല. ലേഖ എന്‍റെ പ്രിയ കൂട്ടുകാരിയാണ് (എന്നായിരുന്നു അവളുടെ വിചാരം). ഇനി എന്തു ചെയ്യും? ലേഖ ഫീസ് അടയ്ക്കാന്‍ പോയിട്ട് വന്നിട്ടില്ല. വന്നിട്ട് കോപ്പി എഴുതി വയ്ക്കാമെന്ന് വച്ചാല്‍ അതിനു സമയവുമില്ല. ഓ... എന്തൊരു ടെന്‍ഷന്‍. ഇനി എന്താ വഴി. രണ്ടു പേജ് കോപ്പി എഴുതാനുണ്ട്. ഇന്ന് എഴുതിയില്ലെങ്കില്‍ അടുത്തതവണ നാല് പേജ് എഴുതേണ്ടി വരും, പാവത്തിന്.
അവസാനം, ത്യാഗത്തിന്‍റെയും സൌഹൃദത്തിന്‍റെയും അതിലുപരി, പരോപകാരത്തിന്‍റെയും മൂര്‍ത്തിമദ്ഭാവമായ ഞാന്‍ ലേഖയ്ക്കുവേണ്ടി രണ്ട് പേജ് എഴുതാന്‍ തീരുമാനിച്ചു. എന്‍റെ കൈയക്ഷരത്തില്‍ കൂട്ടുകാരിക്കുവേണ്ടി എഴുതിയാല്‍ ടീച്ചര്‍ കണ്ടുപിടിക്കും. മോശമായ കൈയക്ഷരത്തിലെഴുതിയാല്‍ കൂട്ടുകാരി വിഷമിക്കും. അതിനാല്‍ സര്‍വ്വ കഴിവുമെടുത്ത്, എന്നാല്‍ക്കഴിയുന്നത്ര നന്നായി എഴുതിത്തുടങ്ങി.
ഹിന്ദി പഠിപ്പിക്കുന്ന ഗീതട്ടീച്ചര്‍ ആവട്ടെ, കല്യാണം കഴിച്ച ശേഷം ആരോടോ വാശി തീര്‍ക്കാനെന്നപോലെ, നിത്യഗര്‍ഭിണിയാവാന്‍ ടെണ്ടര്‍ വിളിച്ച പോലെയാണ്. ഒരുപേജ് എഴുതിക്കഴിഞ്ഞപ്പോഴതാ ആദ്യം വയറും പിന്നെ ടീച്ചറും കടന്നുവന്നു. ടീച്ചര്‍ വന്ന്, സാരിയെടുത്ത് വയറുചുറ്റി ഒതുക്കി വച്ച്, കസേര നീക്കിയിട്ട് അതില്‍ ഇരുന്നപ്പോഴേയ്ക്കും ഞാന്‍ രണ്ടാം പേജും എഴുതി ഫുള്‍സ്റ്റോപ്പ് ഇട്ടു. (ഫുള്‍സ്റ്റോപ്പ് ഇട്ടില്ല, ദേ ഇങ്ങനെ | ഒരു വര ഇട്ടു. ഹിന്ദിയാണേ, ഹിന്ദി.)
ടീച്ചര്‍, ബഞ്ച് ക്യാപ്റ്റന്മാര്‍ (ബഞ്ചിന്‍റെ അറ്റത്തിരിക്കുന്നവര്‍) ഓരോരുത്തരോടായി ബുക്കുകളുമായി വരാന്‍ പറഞ്ഞു. ക്യാപ്റ്റനായ ഞാന്‍ എന്‍റെ ബഞ്ചിലെ ബുക്കുകളുമായി ടീച്ചറുടെ അടുത്തു പോയി. ബുക്ക് മേശപ്പുറത്ത് വച്ച്, ‘വെരി ഗുഡ്’ തരാന്‍ മറക്കേണ്ട എന്നോര്‍മിപ്പിക്കാനായി ടീച്ചറിനെ നോക്കി ഇളിച്ച് കാണിച്ച് തിരിച്ചു വന്നു.
ഇതിനിടയില്‍ ‘May I come in Miss?’ എന്ന് ചോദിച്ച് ലേഖ വന്നു. ഒട്ടും അമാന്തിക്കാതെ ചെയ്ത ഉപകാരം ഞാന്‍ അവളോടു പറഞ്ഞു. കഥ കേട്ടതും അവള്‍ വയലന്‍റ് ആയി. ടീച്ചര്‍ ക്ലാസിലുള്ളതിനാല്‍ അവള്‍ ശബ്ദം ഉയര്‍ത്തിയില്ല, തല്ലിയില്ല.
“എടോ, താന്‍ എന്താ ചെയ്തത്? എങ്ങാനും പിടിച്ചാല്‍ വീട്ടില്‍ നിന്നും അമ്മയെയും അച്ഛനെയും വേലക്കാരെയും കൊണ്ടുവരാന്‍ പറഞ്ഞാലോ?” അവള്‍ എന്നെ പേടിപ്പെടുത്തി.
“ഞാന്‍ ഇന്ന് കോപ്പിബുക്ക് കൊണ്ടുവന്നില്ല എന്ന് പറയാന്‍ പോകുകയാണ്”, അവള്‍ പറഞ്ഞു.
“നീ പേടിക്കേണ്ട, നിന്‍റെ കോപ്പിബുക്ക് ഓള്‍റെഡി ടീച്ചറിന്‍റെ മുമ്പിലായിക്കഴിഞ്ഞു”, ലേഖയെ ഒന്ന് മയപ്പെടുത്താനെന്ന വണ്ണം നിഷ പറഞ്ഞു.
എന്നെ അരച്ചുകലക്കി കുടിക്കാനുള്ള ദേഷ്യവുമായി ഇരിക്കുകയാണ് ലേഖ. ടീച്ചറിന്‍റെ റിയാക്ഷന്‍ കാത്ത് ഞാനും. ലേഖയുടെ ബുക്ക് നോക്കി ഒപ്പിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ടീച്ചര്‍ അടുത്ത ബുക്കിലേയ്ക്ക് പോയി. ഹൊ, എന്തൊരാശ്വാസം. ഇനി ആ ബുക്ക് ടീച്ചറിന്‍റെ മുമ്പില്‍ നിന്ന് ലേഖയുടെ കയ്യിലെത്തിയാലെ, ടെന്‍ഷന്‍ മുഴുവന്‍ തീരൂ.
പീരിയഡ് തീരുന്നതിന് ഒരു പത്ത് മിനുട്ട് മുമ്പ് അന്നേ ദിവസത്തെ പാഠം ഓരോരുത്തരെക്കൊണ്ട് വായിപ്പിക്കുന്ന ഒരു സൂക്കേട് ഗീതട്ടീച്ചര്‍ക്കുണ്ടായിരുന്നു. ഈ സമയം മറ്റുകുട്ടികളെ വീക്ഷിക്കുക, സ്വന്തം കയ്യിലെ നെയില്‍ പോളിഷ് നേരേയാണോയെന്ന് നോക്കുക, ചിലപ്പോള്‍ ഓരോ ഗോഷ്ടി കാണിച്ച് നെയില്‍ പോളിഷിനെ ചുരണ്ടിക്കളയുക, ഗര്‍ഭകാലമാണെങ്കില്‍, ‘നിനക്കൊക്കെ ഇനി എന്നാ ഈ ഭാഗ്യം ഉണ്ടാവുന്നത്’ എന്ന മട്ടില്‍ ഞങ്ങളെ നോക്കിയിട്ട്, വെറുതെ വയറു തടവുക തുടങ്ങിയവ ഗീതട്ടീച്ചറിന്‍റെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് ആയിരുന്നു. എന്നാലന്നോ, ബാക്കിയുണ്ടായിരുന്ന കോപ്പി ബുക്കുകള്‍ കറക്ട് ചെയ്യാന്‍ തീരുമാനിക്കുകയാണ് ആ മഹിളാരത്നം ചെയ്തത്.
എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്ന് തോന്നുമോ എന്ന രീതിയിലുള്ള എന്‍റെ ഭാവം കണ്ടിട്ടാവണം ടീച്ചര്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. എന്‍റടുത്താണോ കളി? ഓര്‍മ വച്ച നാള്‍ മുതല്‍, ക്ലാസില്‍ ടീച്ചര്‍മാര്‍ ചോദ്യം ചോദിക്കുമ്പോള്‍ പുറത്തെടുക്കാറുള്ള അതേ ട്രിക്ക് ഞാന്‍ ഒന്നുകൂടി പ്രയോഗിച്ചു. പതുക്കെ പേന താഴെയിട്ടു. എന്നിട്ട് അത് തപ്പുന്നതുപോലെ തല ബഞ്ചിനുള്ളിലേയ്ക്ക് വലിച്ച് കൈ തറയില്‍ പരതാന്‍ തുടങ്ങി. ഏകദേശം ഒരുമിനുട്ട് ഈ തപ്പല്‍ തുടര്‍ന്നു. അതുകഴിഞ്ഞ്, അന്നു പഠിപ്പിച്ച പാഠം മുഴുവന്‍ ഇപ്പോള്‍ത്തന്നെ പഠിച്ചിട്ടേ ഇനി ബാക്കിക്കാര്യമുള്ളൂ എന്ന മട്ടില്‍ പുസ്തകത്തിലേയ്ക്ക് തുറിച്ചുനോക്കി ഇരുപ്പായി.
അപ്പോള്‍ ടീച്ചറിന്‍റെ ശബ്ദമുയര്‍ന്നു: “ലേഖാ, ഇവിടെ വരൂ!”
എന്‍റമ്മേ! എന്‍റെ പ്രാണന്‍ പോയി. ലേഖയാവട്ടെ, പോണപോക്കിന് എന്‍റെ മുതുകത്തിട്ട് ഒരു പിച്ചലും പിച്ചി. നീറിയിട്ട് വയ്യ.
ഞാന്‍ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. ടീച്ചറിനോട് എന്താണ് പറയേണ്ടത്? അച്ഛനെയും അമ്മയെയും എന്തുപറഞ്ഞ് വിളിച്ചു കൊണ്ടുവരും? അറ്റ കൈയ്ക്ക് ലോലന്‍റെ സഹായം തേടേണ്ടി വരുമോ?
ഞങ്ങളുടെ നാട്ടില്‍ ‘പള്ളിക്കൂടം അച്ഛന്‍’ എന്നറിയപ്പെടുന്ന ഒരു യുവനേതാവുണ്ടായിരുന്നു. അയാളെ, മംഗളം വായനക്കാരികളും എന്‍റെ കൂട്ടികാരികളില്‍ ചിലരും ഞാനും ലോലന്‍ എന്നാണ് വിളിച്ചിരുന്നത്. ഏതെങ്കിലും കുട്ടികളോട് അച്ഛനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാല്‍ മതി എന്ന് പറഞ്ഞാല്‍ കുട്ടി ആരായാലും അച്ഛനാകാന്‍ നേതാവ് റെഡി. പക്ഷേ, ഇന്നുവരെ ഒരു പെണ്‍കുട്ടിയും അയാളോട് സഹായം ചോദിച്ചതായി എനിക്ക് അറിവില്ല. ആ ഭാഗ്യശാലി ഞാനാവുമോ എന്ന് ഞാന്‍ ഭയന്നുപോയി.
ടീച്ചറിന്‍റെ അടുത്ത് ഭയന്നു നില്‍ക്കുന്ന ലേഖ. ലേഖയോട് എന്തൊക്കെയോ കുശുകുശുക്കുന്ന ടീച്ചര്‍. അല്പസമയത്തിനുള്ളില്‍ ബല്ലടിച്ചു. ബുക്ക് ലേഖയുടെ കയ്യില്‍ കൊടുത്ത് ടീച്ചര്‍ സ്ഥലം കാലിയാക്കി. ഹാവൂ, രക്ഷപ്പെട്ടു.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എനിക്ക് സിപ്‍അപ്പ് വാങ്ങിത്തരണമെന്ന് ലേഖയ്ക്ക് നിര്‍ബന്ധം. എന്തെങ്കിലും സഹായം ചെയ്താല്‍ അത് തിരിച്ചു കിട്ടണമെന്ന് ആഗ്രഹമുള്ളവളല്ല ഞാന്‍. എന്തുചെയ്യാന്‍ ലേഖ അങ്ങനെയല്ല. അവള്‍ക്ക് ആരെങ്കിലും സഹായം ചെയ്താല്‍ അവള്‍ ഉടനെ എന്തെങ്കിലും തിരിച്ചു ചെയ്യും. അവളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി, എന്നു മാത്രം കരുതി, ഞാന്‍ ‘ഓക്കെ’ എന്നു പറഞ്ഞു.
സിപ്‍അപ്പ് നുണഞ്ഞ് ക്ലാസിലേയ്ക്ക് തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു: “ടീച്ചര്‍ വിളിച്ചിട്ട് എന്താ പറഞ്ഞത്?”
പിടിക്കപ്പെടാതെ രക്ഷപ്പെട്ട സ്ഥിതിയ്ക്ക് ഇക്കാര്യം അറിയാന്‍ വലിയ ആഗ്രഹമുണ്ടായിട്ടല്ല. ഈ സംഭവത്തിന്‍റെ പുറത്ത് കഴിച്ചുകൊണ്ടിരിക്കുന്ന സിപ്‍അപ്പിന്‍റെ ആത്മാവിന് ശാന്തികിട്ടാന്‍ അതിനെപ്പറ്റി രണ്ട് ഉപചാരവാക്ക് ഉരിയാടാം എന്നേ കരുതിയുള്ളൂ.
“ഇത് ആരാ എഴുതിയത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇത് ഞാന്‍ തന്നെ എഴുതിയതാണെന്ന്.”
“താങ്ക്യൂ, ടീ. എനിക്കറിയാമായിരുന്നു, നീ എന്‍റെ പേര് പറയില്ലെന്ന്!” ഞാന്‍ കൂട്ടുകാരിയില്‍ അഭിമാനം കൊണ്ടു.
അല്പ നേരത്തെ ഇടവേളയ്ക്കു ശേഷം ലേഖ തുടര്‍ന്നു: “അപ്പോള്‍ ടീച്ചര്‍ പഴയ പുറങ്ങള്‍ മറിച്ചു നോക്കിയിട്ട്, എന്നത്തേതിനേക്കാളും നന്നായി ഇന്ന് എഴുതിയിട്ടുണ്ടല്ലോ എന്നു പറഞ്ഞു.”
“നീ സത്യം സമ്മതിച്ചില്ലല്ലോ അല്ലേ?”
“ഇല്ല. ഏഴരയ്ക്ക് കറണ്ടുകട്ട് തുടങ്ങുന്നതിനാല്‍ അതിനുമുമ്പ് എഴുതിത്തീര്‍ക്കാന്‍ വേണ്ടി സ്പീഡില്‍ എഴുതിയതുകൊണ്ട് നന്നായിപ്പോയതാവാമെന്ന് ഞാന്‍ പറഞ്ഞു.”
ലേഖ തുടര്‍ന്നു: “എന്നാല്‍ പിന്നെ, ഇനിമുതല്‍ സ്പീഡില്‍ എഴുതിയാല്‍ മതി എന്ന് ടീച്ചര്‍ പറഞ്ഞു.”
ഞാന്‍ ചിരിച്ചു.
“ചിരിക്കേണ്ട മോളേ... ഇനി മുതല്‍ എന്‍റെ കോപ്പി ബുക്ക് നീ വീട്ടില്‍ കൊണ്ടു പൊക്കോ. എന്നിട്ട് എനിക്കു കൂടി നീ രണ്ടു പേജ് എല്ലാ ആഴ്ചയും എഴുതിക്കോ. അതിനാ ഇന്ന് ഈ സിപ്‍അപ്പ്...”
രണ്ട് ആങ്ങളമാരും ഓരോ മുറി പിടിച്ചടക്കിയതുകാരണം, സ്വന്തമായൊരു മുറി പോലും ഇല്ലാത്ത ഞാന്‍, അച്ഛന്‍റെയും അമ്മയുടെയും കണ്ണുവെട്ടിച്ച് രണ്ടിനു പകരം നാലു പേജ് കോപ്പിയെഴുതുന്നതെങ്ങനെയെന്നാലോചിച്ചു. യൂറോപ്യന്‍ ക്ലോസറ്റ് കണ്ടുപിടിച്ചവനു ജയ് വിളിച്ചുകൊണ്ട്, ലേഖയുടെ കോപ്പിബുക്ക് വാങ്ങി ബാഗില്‍ വച്ചിട്ട് ഫിസിക്സ് ക്ലാസില്‍ ഉറങ്ങാതിരിക്കാനായി അല്പം വിക്സ് എടുത്ത് കണ്ണിനു ചുറ്റും പുരട്ടി ഞാന്‍ ഐവിട്ടീച്ചറിനെ കാത്തിരുന്നു.

Sunday, September 24, 2006
കറുപ്പോ വെളുപ്പോ
“എടീ, എന്‍റെ കുഞ്ഞെങ്ങാനും അമ്മായിയമ്മയെപ്പോലാവുമോ?” ഗര്‍ഭിണിയായ കൂട്ടുകാരി പലപ്പോഴും ആവലാതിപ്പെട്ടു.
അമ്മായിയമ്മയ്ക്കു എണ്ണക്കറുപ്പാണ്. ഭര്‍ത്താവ് കറുപ്പിന്‍റെ ഇളം ഷേഡുള്ളവനും. കൂട്ടുകാരിയാവട്ടെ, നല്ല വെളുപ്പും. പോരേ പൂരം?
“കറുപ്പും വെളുപ്പുമാണോ കാര്യം? നല്ല ആരോഗ്യമുള്ള കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥിക്ക്,” ഞാന്‍ പറയും. അവള്‍ ഒന്ന് മൂളുകമാത്രം ചെയ്യും.
പിന്നെയാണ് ആലോചിച്ചത്. ഒന്നു വെളുത്തുകിട്ടാന്‍ വേണ്ടി ഞാന്‍ തന്നെ കാണിച്ചു കൂട്ടിയ പരാക്രമങ്ങള്‍. അതൊക്കെയാലോചിക്കുമ്പോള്‍, മകള്‍ വെളുത്തിരിക്കാന്‍ കൂട്ടുകാരി എവിടെയൊക്കെ നേര്‍ച്ച നേര്‍ന്നിട്ടുണ്ടാവും!
കറുപ്പോ, വെളുപ്പോ? ഈ ചോദ്യം ഞാന്‍ കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന ഒന്നാണ്. അച്ഛന്‍റേയും അമ്മയുടേയും കൂടെ വല്ല കല്യാണത്തിനും പോയി തിരിച്ചു വരുമ്പോള്‍ പലര്‍ക്കും അറിയേണ്ടത് പെണ്ണിനും ചെറുക്കനും നല്ല നിറമുണ്ടോ എന്നാണ്. എങ്ങാനും പെണ്ണോ ചെറുക്കനോ കറുത്തിട്ടാണെന്നാണ് ഉത്തരമെങ്കില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ലുക്കാണ്. ഇതേ ചോദ്യം ഒരു നവജാത ശിശുവിനെ കണ്ടു വരുമ്പോഴും ഉണ്ടാവും. അങ്ങനെ കറുപ്പ് ഒരു നിറമല്ലേ എന്ന് വരെ എനിക്ക് സംശയമായിത്തുടങ്ങി. കറുപ്പിന് ഏഴഴകാണ് എന്ന് പറയുന്നു. അതുകൊണ്ട് കറുത്ത തുണികള്‍ക്ക് മാത്രമാണ് മെച്ചം.
കറുപ്പ് നിറം എനിക്കിഷ്ടമാണ്. പക്ഷേ കുട്ടിക്കാലത്ത് ഇരുനിറമായിരുന്ന (ഇപ്പോഴും അങ്ങനെ തന്നെ!) എന്നെ, എന്‍റെ ഏട്ടന്മാരും കസിന്‍സും ഞാന്‍ കരിക്കട്ട പോലെ കറുത്തതാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ കറുത്തതാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ എനിക്ക് ഹാലിളകുമായിരുന്നു. എന്നെ കളിയാക്കുന്ന ഈ ‘ശത്രുക്കളില്‍’ പലരും എന്നേക്കാള്‍ നിറം കുറഞ്ഞവരാണെന്ന ബോധം അന്നെനിക്കില്ലായിരുന്നു.
മുക്കുവന് തവിട് കൊടുത്താണ് എന്നെ കിട്ടിയതെന്നും, അതല്ല, ദത്തെടുത്തതാണെന്നും മറ്റും അവരെന്നെ പലപ്പോഴായി പറഞ്ഞ് വിശ്വസിപ്പിച്ചു. മാത്രമല്ല, ധന്യ എന്ന് പേരുള്ള വെളുത്ത സുന്ദരിയായ മകള്‍ എന്‍റെ അച്ഛനുമമ്മയ്ക്കും ഉണ്ടെന്നും അവള്‍ ബോഡിംഗിലാണെന്നും അവര്‍ പറയുന്നതുകേട്ട് വല്ലപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്ന എന്‍റെ മാമിയേയും അവരുടെ മകള്‍ ധന്യയേയും ഞാന്‍ സംശയത്തോടെ കണ്ടു. എന്‍റെ അച്ഛനുമമ്മയും അവളോട് പ്രത്യേകം സ്നേഹം കാണിക്കുന്നുണ്ടോ, അവള്‍ക്ക് കളിപ്പാട്ടങ്ങളും ഉടുപ്പും വാങ്ങിക്കൊടുക്കുന്നത് അവള്‍ അവരുടെ സ്വന്തം മകള്‍ ആയതുകൊണ്ടാണോ എന്നൊക്കെ ഞാന്‍ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസനെപ്പോലെ സംശയിച്ചു. ഈ ലോകത്തിലെ ഏറ്റവും വലിയ സങ്കടക്കാരി എട്ട് വയസ്സായ ഞാനാണെന്ന് ഞാന്‍ ഉറപ്പിച്ചു. എന്‍റെ അച്ഛന്‍റേയും അമ്മയുടേയും മകളായ ധന്യയെ അവര്‍ക്കുവേണ്ടി വളര്‍ത്തുന്ന മാമിയേയും മാമനേയും ഇഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷേ, വരുമ്പോഴൊക്കെ ഫ്രൂട്സും പുതിയതരം മുട്ടായികളും വാങ്ങിച്ചു തരുന്ന അവരെ അത്ര വേഗം വെറുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. മുട്ടായികളുടെ രുചിയിറങ്ങുമ്പോള്‍, ‘ഇനി മുതല്‍ അവരോട് കൂടില്ല’ എന്ന പ്രതിജ്ഞ ഞാന്‍ പുതുക്കിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം എന്‍റെ ശത്രുക്കള്‍, വെളുക്കാന്‍ പറ്റിയ ഒരു സാധനം ഉണ്ട് എന്ന് പറയുന്നതു കേട്ടു. അതിന്‍റെ പേര്‍ കുങ്കുമപ്പൂ എന്നാണ്. പക്ഷേ നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ മെച്ചം വിദേശത്തു നിന്നും വരുന്നതാണ്. മാത്രമല്ല, എന്‍റെ മറ്റൊരു വീക്ക്നസായ നുണക്കുഴി കിട്ടാന്‍ താമരയുടെ തണ്ട് കൊണ്ട് കുത്തിയാല്‍ മതിയെന്നും ഞാന്‍ അവരില്‍ നിന്നും മനസ്സിലാക്കി. താമരത്തണ്ട് കിട്ടാന്‍ പ്രയാസമാണെങ്കില്‍ സാമ്പ്രാണിത്തിരി കത്തിച്ച് കവിളില്‍ വച്ചാലും മതി എന്ന അവരുടെ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ചു. ശത്രുക്കളാണെങ്കിലും നമുക്ക് ഉപയോഗപ്രദമായ കാര്യം പറയുമ്പോള്‍ ശ്രദ്ധിക്കണം എന്ന വലിയ തത്വം ഞാന്‍ അന്നും ഇന്നത്തെപ്പോലെ മാനിച്ചു.
ആദ്യം വെളുക്കണോ അതോ നുണക്കുഴിയുണ്ടാക്കണോ എന്നായി സ്കൂളു കഴിഞ്ഞുവന്നാല്‍ എന്‍റെ ചിന്ത. നുണക്കുഴി നാലാളു കാണണമെങ്കില്‍ മുഖം ആദ്യം വെളുക്കണം എന്ന സാമാന്യ ബുദ്ധി എനിക്കുണ്ടായി. വിളക്കു കത്തിക്കുമ്പോള്‍ പലപ്പോഴായി കിട്ടിയ പൊള്ളലില്‍ നിന്ന് അനുഭവം കൊണ്ട് സാമ്പ്രാണിത്തിരി പ്രയോഗം ഞാന്‍ വേണ്ടെന്നുവച്ചു. ഓണാവധിയ്ക്ക് തറവാട്ടു കുളത്തിലെ താമരയേയും താമര കിട്ടിയില്ലെങ്കില്‍ ആമ്പലിനേയും സ്വപ്നം കണ്ട് ഞാന്‍ നടന്നു. പക്ഷേ അതിനു മുമ്പ് കുങ്കുമപ്പൂവ് സംഘടിപ്പിക്കുവാന്‍ എന്താ വഴി?
കിട്ടിപ്പോയ്. നല്ല കുങ്കുമപ്പൂവ് കിട്ടാന്‍ ഒരു വഴിയാണ് ചന്ദ്രന്‍ ചേട്ടന്‍. നമ്മുടെ വലിയ കുടുംബത്തില്‍ നിന്നും വിദേശത്തു പോയി പണിയെടുക്കുന്ന ഒരേ ഒരു വ്യക്തി. അദ്ദേഹത്തിന്‍റെ അരുമയ്ക്കെരുമയ്ക്കെരുമായ ഒരേ ഒരു അമ്മാവനായ എന്‍റെ അച്ഛന്‍ അദ്ദേഹത്തിന്‍റെ ഗുരുവും മാര്‍ഗ്ഗദര്‍ശിയുമാണെന്ന് സ്വയം അഭിമാനം കൊള്ളുന്നു. അപ്പോള്‍ അങ്ങനെയുള്ള അമ്മാവന്‍റെ മകള്‍ പറഞ്ഞാല്‍ ചന്ദ്രന്‍ ചേട്ടന്‍ തീര്‍ച്ചയായും കേള്‍ക്കും. പക്ഷേ, എങ്ങനെ അറിയിക്കും? ചന്ദ്രന്‍ ചേട്ടന്‍ രണ്ടുമൂന്നു മാസത്തിലൊരിക്കല്‍ ഒരു കത്ത് എന്‍റെ വീട്ടിലേയ്ക്കയയ്ക്കും. അതിനു തിരിച്ച് ആരും അധികമെഴുതി കണ്ടിട്ടില്ല. എനിക്കിവിടെ ഒരുവിധം സുഖം തന്നെ എന്ന പുള്ളിയുടെ സ്ഥിരം ഡയലോഗ് അടങ്ങിയ കത്ത് വളരെ പ്രശസ്തമായിരുന്നു.
അങ്ങനെയിരിക്കെ ചന്ദ്രന്‍ ചേട്ടന് കല്യാണമുറപ്പിച്ചു. പെണ്ണിന് നിറം കുറവാണെന്ന് പെണ്ണുങ്ങള്‍ അടുക്കളയില്‍ അടക്കം പറഞ്ഞു. നിറം കുറഞ്ഞാലെന്താ, നല്ല ജോലിയില്ലേ എന്ന അമ്മയുടെ മറു ചോദ്യവും കേട്ടു. എന്‍റെയീശ്വരാ, പുതുപ്പെണ്ണിനും നിറം കുറവോ, അപ്പോള്‍ ചേട്ടന്‍റെ കല്യാണത്തിനു മുമ്പ് എനിക്കുള്ള കുങ്കുമപ്പൂവ് ഒപ്പിക്കണമെന്ന് ഞാനുറപ്പിച്ചു. അല്ലെങ്കില്‍ എനിക്കുള്ള കുങ്കുമപ്പൂവ് പുതുപ്പെണ്ണ് അടിച്ചുകൊണ്ടുപോയാലോ എന്ന് ഞാന്‍ ഭയന്നു. അധികം വൈകാതെ ഞാന്‍ ചന്ദ്രന്‍ ചേട്ടന് കത്തെഴുതാന്‍ തീരുമാനിച്ചു. അതുവരെ കത്തുകളോടുള്ള എന്‍റെ ഒരേ ഒരു താല്പര്യം കവറിന്‍റെ പുറത്തെ സ്റ്റാമ്പിനോട് മാത്രമായിരുന്നു. ചേട്ടന്‍റെ സ്റ്റാമ്പ് കളക്ഷനേക്കാള്‍ മെച്ചം എന്‍റേതാണെന്ന് വരുത്താന്‍ വീട്ടില്‍ വരുന്ന എല്ലാവരോടും ഒരു നാണവുമില്ലാതെ ഞാന്‍ സ്റ്റാമ്പിനു വേണ്ടി യാചിച്ചു.
അപ്പോള്‍ പറഞ്ഞു വന്നത് എന്‍റെ ആദ്യത്തെ കത്തെഴുത്തിനെക്കുറിച്ചാണ്. എന്തായാലും ചന്ദ്രന്‍ ചേട്ടനു വേണ്ടി പെണ്ണുകാണുകയും അതുറപ്പിക്കുകയും ചെയ്ത എന്‍റെ അച്ഛനുമമ്മയും ചന്ദ്രന്‍ ചേട്ടനു കത്തെഴുതാന്‍ പോകുന്നു എന്ന വിവരം എന്‍റെ റഡാറില്‍ കിട്ടി. എനിക്കും ചന്ദ്രന്‍ ചേട്ടന് കത്തെഴുതാനുണ്ടെന്ന കാര്യം ഞാന്‍ അമ്മയെ അറിയിച്ചു. ഒരു ചെറിയ പേപ്പറില്‍ എഴുതിക്കൊള്ളാന്‍ അമ്മ അനുവാദം തന്നു. തവിടുകൊടുത്തു വാങ്ങിയ മോളോട് അമ്മ കാണിച്ച ഔദാര്യമായി ഞാനാ ഉപകാരത്തെ കണ്ടു. മണിക്കൂറുകളെടുത്ത് ഒരു കത്തെഴുതി അയയ്ക്കാനായി അമ്മയുടെ കയ്യില്‍ കൊടുത്തു.
ഒരു ആഴ്ച കഴിഞ്ഞ് ഓണാവധിക്ക് തറവാട്ടില്‍ പോയപ്പോള്‍ ഞാന്‍ നേരേ കുളക്കരയിലേയ്ക്കോടി. വൈദ്യന്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് എന്‍റെ കൂട്ടുകാരി ശ്രീദേവിയും അവളുടെ അമ്മയും കുളക്കടവില്‍ നില്‍ക്കുന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍, താമര തണ്ടോടുകൂടി പൊട്ടിച്ചു തരാമോ എന്ന് ഞാന്‍ ചോദിച്ചു. നഗരത്തില്‍ നിന്ന് വല്ലപ്പോഴും വരുന്ന വി.ഐ.പി ആയതുകൊണ്ട് ശ്രീദേവിയുടെ അമ്മ, താമര കൊച്ച് നല്ലവണ്ണം കണ്ടോട്ടേ എന്ന് കരുതി ഒരു നാലഞ്ചെണ്ണം പറിച്ചു തന്നു.
എവിടെ തിരിഞ്ഞാലും ജനലുകളും കതകുകളുമുള്ള തറവാട്ടില്‍ എന്‍റെ നുണക്കുഴിയുണ്ടാക്കല്‍ വിക്രിയ നടക്കുകയില്ലെന്ന് കരുതി, വയ്ക്കോല്‍ക്കൂനയുടെ പിന്നിലിരുന്ന് മുഖം മിനുക്കാന്‍ തീരുമാനിച്ചു. ആരുമറിയാതെ കുമാരിച്ചേച്ചിയുടെ ഒരുക്കുപെട്ടിയില്‍ നിന്ന് വാല്‍ക്കണ്ണാടി സ്വന്തമാക്കി. പിന്നെ താമസിച്ചില്ല. ഉള്ളതില്‍ ഭംഗിയുണ്ടെന്നു തോന്നിയ താമരയുടെ തണ്ടെടുത്ത് നുണക്കുഴിയുള്ള ബിന്ദുച്ചേച്ചിയെ മനസ്സില്‍ വിചാരിച്ച് കവിളില്‍ ഒറ്റ കുത്തായിരുന്നു. ഒന്നും സംഭവിച്ചില്ല. തണ്ടുകൊണ്ട് പലയാവൃത്തി ഉരച്ച് എന്‍റെ കവിള്‍ത്തടം ഞാന്‍ കുളം തോണ്ടി. എന്‍റെ ശത്രുക്കളെ പ്രാകിക്കൊണ്ട് ഈ കവിള്‍ത്തടം അമ്മയും മറ്റുള്ളവരും കാണാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ അത് ചീറ്റിപ്പോയി. ഞാന്‍ നുണപറഞ്ഞാല്‍ അപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ മനസ്സിലാക്കും എന്നത് അത്ര ചെറുപ്പത്തിലേ ഞാന്‍ മനസ്സിലാക്കിയതു കാരണം ഉള്ളതുമുഴുവന്‍ അമ്മയോട് ആരോടും പറയരുതെന്ന് ചട്ടം കെട്ടി വിശദീകരിച്ചു. രണ്ടാണ്മക്കള്‍ക്കുശേഷമുണ്ടായ പെണ്ണ് മന്ദബുദ്ധിയായിപ്പോയോ എന്ന് അമ്മ ആദ്യമായി ചിന്തിച്ചുകാണും. പിന്നെ മറിച്ചു ചിന്തിയ്ക്കാന്‍ ഞാന്‍ ഒരവസരവും അമ്മയ്ക്ക് ഇതുവരെ കൊടുത്തിട്ടുമില്ല. എന്നെക്കുറിച്ച്, അമ്മയായാല്‍ പോലും പലപ്പോഴും പലരീതിയില്‍ ചിന്തിക്കുന്നത് എനിക്കിഷ്ടമല്ല. കണ്‍സിസ്റ്റന്‍സി: അതില്‍ വിശ്വസിക്കേണ്ടേ നമ്മള്‍?
തിരുവോണ നാളില്‍ ഊണുകഴിഞ്ഞ് ഇരിക്കുമ്പോള്‍ എന്‍റെ ശത്രുക്കള്‍ ഏതോ ചോട്ടനെക്കുറിച്ചും കുത്തിനെക്കുറിച്ചും പറയാന്‍ തുടങ്ങി. ഞാന്‍ അടുത്തെത്തുമ്പോള്‍ ചോട്ടന്‍റെ കുത്തുകിട്ടിയെന്ന് ഇമ്പൊസിഷന്‍ പോലെ അവര്‍ പാടിക്കൊണ്ടിരുന്നു. ഇവരുടെ പാണപ്പാട്ട് കേള്‍ക്കുന്നതിനേക്കാള്‍ ഭേദം അമ്മയുടേയും കുഞ്ഞമ്മമാരുടേയും അമ്മായിമാരുടേയും പരദൂഷണം കേള്‍ക്കുന്നതാണെന്ന് കരുതി അടുക്കളയിലെ അരിപ്പെട്ടിയുടെ മുകളില്‍ സ്ഥാനം പിടിച്ചു. എന്നെക്കണ്ടതും അവര്‍ ചാനല്‍ മാറ്റി അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ചും ഭര്‍ത്താവിന്‍റേയും കുട്ടികളുടേയും ആരോഗ്യത്തെക്കുറിച്ചും മത്സരിച്ച് ഉല്‍ക്കണ്ഠപ്പെടുവാന്‍ തുടങ്ങി. ഇതിനിടയ്ക്ക് കുഞ്ഞമ്മ വന്നെന്‍റെ കവിളില്‍ തടവി എന്‍റെ മീനാക്ഷിക്കുട്ടി എത്ര സുന്ദരിയാണെന്നും ആര്‍ക്കുണ്ടീ കുടുംബത്തില്‍ ഇത്ര ഭംഗിയുള്ള വലിയ കണ്ണുകള്‍ എന്നും മറ്റും പറഞ്ഞ് എന്നെ സുഖിപ്പിച്ചു. മറ്റുള്ള പെണ്ണുങ്ങളും ഇത് ഏറ്റു പാടാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ എനിക്കു ചുറ്റുമുള്ള ആളുകളുടെ എണ്ണം കൂടാന്‍ തുടങ്ങി. അതില്‍ എന്‍റെ ശത്രു പക്ഷവുമുണ്ട്. ശത്രുക്കളുടെ നേതാവായ എന്‍റെ കൊച്ചേട്ടന്‍ ആരോടെന്നില്ലാതെ ഓരോന്നു പറയാന്‍ തുടങ്ങി.
“പ്രിയപ്പെട്ട ചോട്ടന്, ചോട്ടന്‍റെ കുത്തു കിട്ടി. ചോട്ടന്‍റെ പുതിയ ചേച്ചിയുടെ പോട്ടോ കണ്ടു. സുന്ദരിയാണ്. ചോട്ടന്‍ വരുമ്പോള്‍ എനിക്ക് കുങ്കുമപ്പൂവ് കൊണ്ടു വരുമോ? വരുമ്പോള്‍ കൊണ്ടു വന്നാല്‍ മതി, ആരുടെ കയ്യിലും കൊടുത്തയയ്ക്കണ്ട. വഴിയ്ക്കു വച്ചെടുത്തുപയോഗിച്ച് അവരെങ്ങാനും വെളുത്താലോ?”
അരിപ്പെട്ടി പൊളിഞ്ഞ് അതിന്‍റെ അകത്തേയ്ക്ക് പോയാല്‍ മതി എന്ന് കരുതിപ്പോയ നിമിഷങ്ങള്‍. അപ്പോള്‍ അതാ വരുന്നു അടുത്ത ശത്രുവിന്‍റെ കമന്‍റ്: “നുണക്കുഴി കണ്ടോ, ഇത്ര മനോഹരമായ നുണക്കുഴി ആര്‍ക്കു കിട്ടും?”
“യൂ റ്റൂ, അമ്മേ!” എന്ന ഭാവത്തില്‍ ഞാന്‍ അമ്മയെ നോക്കി. ഒരു കള്ളച്ചിരിയുമായി വന്ന് അമ്മ എന്നെ സമാധാനിപ്പിച്ചു. പിന്നെ കുറച്ച് ബുദ്ധിയും ബോധവും വന്നപ്പോള്‍ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് മനസ്സിലായി. ഞാനും ആ ശത്രു ക്ലബില്‍ അംഗത്വം നേടി അടുത്ത ഇരയ്ക്കായി കാത്തിരുന്നു.

Monday, August 21, 2006
മൌനാക്ഷരങ്ങള്‍
ഇത് മീനാക്ഷിയുടെ മൌനാക്ഷരങ്ങള്‍. അക്ഷരങ്ങളിലുറങ്ങുന്ന വിചാരങ്ങള്‍ ചേര്‍ത്തു വയ്ക്കാനൊരിടം.
Subscribe to:
Posts (Atom)